വീട് എത്താൻ 10 കിലോമീറ്റർ മാത്രം; നാടിനെ നടുക്കി ദുരന്തം
text_fieldsഅപകടത്തിൽ തകർന്ന ജീപ്പിൽ നിന്ന് പ്രിൻസിന്റെ മൃതദേഹം പുറത്തെടുക്കാൻ ഫയർഫോഴ്സ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റുന്നു
ഓച്ചിറ: പുലർച്ചെ അപ്രതീക്ഷിതമായി മുഴങ്ങിയ ഭയാനകമായ ശബ്ദം കേട്ടാണ് വലിയകുളങ്ങരയിലെ പരിസരവാസികൾ ഓടി എത്തിയത്. ദേശീയപാതയിൽ കണ്ട കാഴ്ചയിൽ നടുങ്ങി ആ നാട് വിറങ്ങലിച്ചുപോയി. പരസ്പരം ഇടിച്ചുതകർന്നുകിടക്കുന്ന കാറും ബസും, ചുറ്റും രക്തം, കാറിനുള്ളിൽ ഞെരിഞ്ഞമർന്ന് ജീവനറ്റ ദേഹങ്ങൾ. പരിക്കിന്റെ കാഠിന്യം തീർത്ത വേദനയിൽ നിലവിളിക്കുന്ന മനുഷ്യർ. ഓടി എത്തിയ സ്ത്രീകളുടെ കൂട്ട നിലവിളിയും പ്രഭാതത്തിന്റെ ശാന്തതയെ കീറിമുറിച്ചു.
ചവറ തേവലക്കര പടിഞ്ഞാറ്റക്കര പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസും കുടുബവും സഞ്ചരിച്ച ജീപ്പും കെ.എസ്.ആർ.ടി.സി ബസ്സുമായി കൂട്ടി ഇടിച്ച്കാറിനുള്ളിൽ തൽക്ഷണം മരണം ഏറ്റുവാങ്ങിയവരുടെ മൃതദേഹങ്ങൾ പലതും വികൃതമായിരുന്നു. തകർന്ന ജീപ്പിലുള്ളവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ ഏറെ പണിപ്പെടുകയായിരുന്നു. പുറത്തെടുക്കാൻ കഴിഞ്ഞ നാലുപേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നാട്ടുകാരാണ് ഉടനടി എത്തിച്ചത്.
ജീപ്പിന്റെ മുൻഭാഗത്ത് യാത്ര ചെയ്ത പ്രിൻസിൻ്റെ ഭാര്യ വിന്ധ്യ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഭർത്താവും രണ്ടു മക്കളും സംഭവസ്ഥലത്ത് വെച്ച് മരിച്ചപ്പോൾ വിന്ധ്യക്ക് പരിക്കുകൾ കാര്യമായുണ്ടായില്ല എന്നത് കണ്ടുനിന്നവർക്ക് ആശ്വാസമായി. ജീപ്പിൻ്റെ എയർബാഗ് വിന്ധ്യക്ക് രക്ഷാകവചം ഒരുക്കുകയായിരുന്നു. എന്നാൽ, മൂത്ത മകൾ ഐശ്വര്യയുടെ സ്ഥിതി കണ്ടുനിൽക്കാൻ പോലും കഴിയാത്തനിലയിലായിരുന്നു.
ഡ്രൈവർ സീറ്റിലെ എയർബാഗ് തകർന്ന് പ്രിൻസ് ഞെരിഞ്ഞമർന്നാണ് മരിച്ചത്. പ്രിൻസിനെ പുറത്തെടുക്കാനും ഏറെ പണിപ്പെടേണ്ടിവന്നു. പൂർണമായും തകർന്ന വാഹനത്തിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ച് അഗ്നിരക്ഷാസേന പ്രിൻസിന്റെ മൃതദേഹം പുറത്തെടുക്കുമ്പോൾ, റോഡിൽ ആ കുടുംബത്തിന്റെ രക്തം തളംതീർത്തുകഴിഞ്ഞിരുന്നു.
നെടുമ്പാശ്ശേരിൽ നിന്നും ബന്ധുവിനെ യാത്രയാക്കിയിട്ട് തിരികെയുള്ള യാത്രയിൽ വീടെത്താൻ 10 കിലോമീറ്റർ മാത്രം അകലെ ഉണ്ടായ അപകടം ഒരു കുടുംബത്തിനെ തന്നെ തകർത്തെറിഞ്ഞതിന് സാക്ഷിയാകേണ്ടിവന്ന ദുര്യോഗം നാടിനെത്തന്നെ പിടിച്ചുലച്ചിരിക്കുകയാണ്.
ദുരന്തവാർത്ത നാടാകെ പരന്നതോടെ ജനം ഒഴുകി എത്തുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ, കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയിട്ട് ഗതാഗതം സുഗമമാക്കി.
പരിക്കേറ്റത് 21 പേർക്ക്
ഓച്ചിറ വലിയകുളങ്ങരയിൽ കാർ ജീപ്പും കെ.എസ്.ആർ.ടി.സിയുമായി കൂട്ടിയിടിച്ച അപകടത്തിൽ ആകെ പരിക്കേറ്റ് ചികിത്സയിൽ ഉള്ളത് 21 പേർ. കെ.എസ്.ആർ.ടി.സി ബസ് വേഗതയിൽ അല്ലാതിരുന്നതാണ് ഭീകരമായ അപകടത്തിന്റെ വ്യാപ്തി കൂട്ടാതിരുന്നത്.അപ്പോഴും കെ.എസ്.ആർ.ടി. ബസ്സിൽ യാത്ര ചെയ്ത 19 പേർക്ക് പരിക്കേറ്റു. ഇവരെ ഓച്ചിറയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സ്റ്റാൻഡിൽ നിന്നും ചേർത്തലക്ക് പോയ ബസ്സിൽ ഉണ്ടായിരുന്ന കരുനാഗപ്പള്ളി പുതിയകാവ് വവ്വാക്കാവ്,ചങ്ങൻകുളങ്ങര വലിയകുളങ്ങര എന്ന സ്റ്റോപ്പുകളിൽ നിന്നും കയറിയ യാത്രക്കാർക്ക് ആണ് പരിക്കേറ്റത്. സ്മിത (48), വാസുദേവൻ (62), രജനി (40), രാജീവ് (57), ഷൈനി (36), ദീപ്തി ( 37 ), അഭിനയ് (13), സലീല (50), ചന്ദ്രലേഖ (39), റിഹാന ( 42), സജി (50), പ്രദീന (54), രഹന (28), മൊയ്തീൻ ബാബു (75), ശ്രീദേവി അമ്മ (57), റഷീദ് (64), മാരി (38), അനസ്, ശ്രീലക്ഷ്മി (24) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയവർ. ഇതിൽ സാരമായി പരിക്കേറ്റ റിഹാനയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.