പൈപ്പ് ലൈൻ പൊട്ടി, വെള്ളക്കെട്ടിൽ പള്ളിമുക്ക്
text_fieldsദേശീയപാത വികസന ഭാഗമായി വലിയകുളങ്ങര പള്ളിമുക്കിൽ റോഡ് തുരന്നപ്പോൾ പൈപ്പ് പൊട്ടി ജലം ഒഴുകുന്നു
ഓച്ചിറ: ദേശീയ പാത വികസന ഭാഗമായി നടന്ന ജോലിക്കിടെ വലിയകുളങ്ങര പള്ളിമുക്കിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തകർന്നു. ഓച്ചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ക്ലാപ്പന ഭാഗത്തേക്ക് ദേശിയ പാത മുറിച്ച് കടക്കുന്ന ഭാഗത്ത് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് വലിയ പൈപ്പ് പൊട്ടിയത്. വെള്ളം വലിയ കുളങ്ങര - മഞ്ഞാടി ചന്ത റോഡിലൂടെ നിറഞ്ഞൊഴുകിയതോടെ അടുത്തുള്ള കച്ചവടക്കാർക്കും ബുദ്ധിമുട്ടായി. ദേശീയ പാത വികസന ഭാഗമായി ഇത് മൂന്നാം തവണയാണ് ഈ പൈപ്പ് പൊട്ടുന്നത്.
പൈപ്പ് ലൈൻ ഉള്ള ഭാഗങ്ങളിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അഭാവത്തിലാണ് റോഡ് തുരക്കുന്നത്.അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനം മൂലം ഗതാഗതം തടസപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയാണന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള പമ്പിങ് നിർത്തി വെച്ചാണ് വെള്ളം നിയന്ത്രിച്ചത്.