ആരോഗ്യമേഖലക്ക് മുന്തിയ പരിഗണന -മന്ത്രി കെ.എൻ. ബാലഗോപാൽ
text_fieldsഓച്ചിറ: ആരോഗ്യമേഖലക്ക് സർക്കാർ മുന്തിയ പരിഗണന നൽകുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ ആരോഗ്യപരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരുണ്യപദ്ധതിക്ക് ബജറ്റിൽ 570 കോടിയാണ് നീക്കിവെച്ചത്. എന്നാൽ, 1600 കോടിയാണ് ചെലവഴിച്ചത്. 42 ലക്ഷം ഗുണഭോക്താക്കളാണ് പദ്ധതിയിലുള്ളത്. പുതുതായി ബഹുനില കെട്ടിടം നിർമിക്കുന്ന കരുനാഗപ്പള്ളി താലൂക്കാശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആധുനികസൗകര്യങ്ങളോടെ പേവാർഡുകൾ സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി. സത്യൻ അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, ബി.ജെ.പി ജില്ല പ്രസിഡന്റ് ബി. ഗോപകുമാർ, എസ്. പവനനാഥൻ, പി.ബി. സത്യദേവൻ, ക്ഷേത്രഭരണസമിതി സെക്രട്ടറി കെ. ഗോപിനാഥൻ, ട്രഷറർ പ്രകാശൻ വലിയഴീക്കൽ, സജീവ് ഓണംപിള്ളി, പ്രവർത്തക സമിതി അംഗം എ. ശുഭദേവ്, ബേബി എന്നിവർ സംസാരിച്ചു.