ആലപ്പാട് പഞ്ചായത്തിലൊരുങ്ങുന്നു സർക്കാർ നിയന്ത്രണത്തിലെ ആദ്യ ടർഫ്
text_fieldsആലപ്പാട് പഞ്ചായത്തിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന ടർഫ്
ഓച്ചിറ: തീരദേശമേഖലയിൽ പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യത്തെ ടർഫ് ആലപ്പാട് പഞ്ചായത്തിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
സി.ആർ. മഹേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ചാണ് ടർഫ് നിർമിച്ചത്. 14,000 സ്കയർ ഫീറ്റ് വിസ്തൃതിയിലുള്ള സെവൻസ് ഫുട്ബാൾ ഉൾെപ്പടെ കായികമത്സരങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള ടർഫിന്റെ നിർമാണമാണ് പൂർത്തീകരണത്തിലേക്കും ഉദ്ഘാടനത്തിലേക്കും കടക്കുന്നത്. ആലപ്പാട് ഗ്രാമപഞ്ചായത്തിനായിരിക്കും പരിപാലനചുമതല.
ടർഫിനോട് അനുബന്ധിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടേക്ക് എ ബ്രേക്കും പബ്ലിക് ടോയ്ലറ്റും വിശ്രമകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം. വിജയനും പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എം.എൽ.എ ട്രോഫിക്ക് വേണ്ടിയിട്ടുള്ള അഖില കേരള ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.