ഓപറേഷൻ തൂഫാൻ; എം.ഡി.എം.എയുമായി ഓച്ചിറയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsഓച്ചിറ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഓച്ചിറ സ്റ്റേഷൻ പരിധിയിൽ രണ്ട് വ്യത്യസ്ത കേസുകളിലായി 6.730 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഓച്ചിറ അഴിക്കൽ മംഗലശ്ശേരിൽ വീട്ടിൽ ആകാശ് (26), ഓച്ചിറ അഴിക്കൽ പുത്തൻപ്പറമ്പിൽ വീട്ടിൽ ഷിജോ (24) എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഓച്ചിറ പൊലീസും ചേർന്ന് പിടികൂടിയത്.
ഞായറാഴ്ച ഉച്ചക്ക് അഴിക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ മംഗലശ്ശേരിൽ വീടിന് മുൻവശത്ത്നിന്ന് ആകാശിന്റെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ച 3.190 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് അഴീക്കലിലെ പുത്തൻപറമ്പിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ ഷിജോയുടെ വീട്ടിലെ കിടപ്പുമുറിയിലെ ബെഡിന്റെ അടിയിൽ സ്ഫടിക കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച 3.540 ഗ്രാം എം.ഡി.എം.എ പിടികൂടി. ബംഗളൂരുവിൽനിന്ന് ഓച്ചിറ, വള്ളിക്കാവ് മേഖലയിലെ സ്‌കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ചില്ലറ വിൽപനക്കായി സൂക്ഷിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തത്. നർക്കോട്ടിക് സെൽ എ.സി.പി റോബർട്ട് ജോണി, കരുനാഗപ്പള്ളി എ.സി.പി സി. ജോൺ എന്നിവരുടെ നിർദേശപ്രകാരം എസ്.ഐമാരായ കണ്ണൻ, സായിസേനൻ, ഓച്ചിറ ഇൻസ്പെക്ടർ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


