വയോധികയെ മർദിച്ച് മാല കവരാൻ ശ്രമിച്ച സ്ത്രീ പിടിയിൽ
text_fieldsറീന
ഓച്ചിറ: വയോധികയെ മർദിച്ചു വീഴ്ത്തി സ്വർണമാല കവരാൻ ശ്രമിച്ച സ്ത്രീ പിടിയിൽ. മേമന കല്ലൂർമുക്ക് മധുവിലാസത്തിൽ പങ്കജാക്ഷി അമ്മയുടെ രണ്ടര പവൻ വരുന്ന സ്വർണ്ണമാലയാണ് കവരാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുതുപ്പള്ളി പ്രയാർ വടക്ക് കുറ്റിക്കാട്ടു വീട്ടിൽ റീനയെ അറസ്റ്റു ചെയ്തു.
സ്റ്റേഷനറി കട നടത്തുന്ന പങ്കജാക്ഷി അമ്മയുടെ കടയിലേക്കു സാധനം വാങ്ങാനെന്ന വ്യാജേന കടന്ന റീന, മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പങ്കജാക്ഷി അമ്മയെ മർദിച്ചു നിലത്തിട്ടു. ബഹളം കേട്ട് എത്തിയ ഭർത്താവ് ഭാർഗവൻപിള്ളക്കും മുഖത്ത് മർദനമേറ്റു. തുടർന്ന് സമീപവാസികൾ ഓടിയെത്തി റീനയെ കീഴ്പ്പെടുത്തി ഓച്ചിറ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കൈക്ക് പരിക്കേറ്റ പങ്കജാക്ഷി അമ്മയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.