വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ
text_fieldsഓയൂർ: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ചെറിയ വെളിനല്ലൂർ മോട്ടോർകുന്ന് കുഴിവിളവീട്ടിൽ ഷെമീറിനെയാണ് (36) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി മൈലോട് സ്കൂളിലെ ഉർദു അധ്യാപകനാണ്.
കഴിഞ്ഞദിവസം പാരലൽ കോളജിലേക്ക് ട്യൂഷന് പോവുകയായിരുന്ന തന്നെ ഷെമീറും സുഹൃത്തും കൂടി കാറിൽ കടത്തിക്കൊണ്ടുപോയി യാത്രാമധ്യേ ബലാത്സംഗം ചെയ്തതായാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ട്യൂഷൻ സെന്ററിൽ എത്താത്തതിനെത്തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നു. കുട്ടി വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയ രക്ഷിതാക്കൾ തുടർന്ന് പൂയപ്പള്ളി പൊലീസിൽ പരാതിനൽകി. പൊലീസ് അന്വേഷണം നടത്തുന്നത് മനസ്സിലാക്കിയ പ്രതികൾ കുട്ടിയെ പാതിവഴിയിൽ ഇറക്കിവിട്ട് രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊഴിയിൽ പീഡനത്തിനിരയായ വിവരം മനസ്സിലാക്കിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അന്വേഷണം നടന്നുവരുന്നതിനിടെ കഴിഞ്ഞദിവസം ഷെമീർ മൈലോട് സ്കൂളിലെത്തിയ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സ്കൂളിന്റെ പിൻവശത്തുകൂടി ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.