സംരക്ഷണം ഇല്ല; പകൽക്കുറി തൂക്കുപാലം യാത്രക്കാർക്ക് ഭീഷണി
text_fieldsസംരക്ഷണമില്ലാതെ നശിക്കുന്ന പകൽക്കുറി തൂക്കുപാലം
ഓയൂർ: ഇത്തിക്കരയാറ്റിന് കുറുകെയുള്ള ഇരുമ്പ് തൂക്കുപാലം ശോച്യാവസ്ഥയിൽ. വെളിനല്ലൂർ പഞ്ചായത്തിലെ പുതുശ്ശേരി, കരിങ്ങന്നൂർ നിവാസികളെ പകൽക്കുറി പ്രദേശത്ത് എത്താൻ സഹായിക്കുന്ന പാലത്തിന്റെ ദുരവസ്ഥ യാത്രക്കാരെ ഭയപ്പെടുത്തുകയാണ്. സ്ഥാപിച്ച നാൾ മുതൽ ഇന്നേവരെ പാലത്തിൽ അറ്റകുറ്റപ്പണി നടന്നിട്ടില്ല.
15 വർഷം മുമ്പ് ഉപയോഗിച്ച പെയിന്റ് ഇളകി വെയിലും മഴയുമേറ്റ് ഇരുമ്പുപാളികളുടെ ജോയന്റുകളെല്ലാം ആഴത്തിൽ ദ്രവിച്ചു. യാത്ര ചെയ്യുമ്പോൾ അസാധാരണമായ കുലുക്കമാണെന്ന് യാത്രക്കാർ പറയുന്നു. പാലത്തിന് കുറുകേ പാകിയ നടക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകൾ ദ്രവിച്ച് ബലക്ഷയം വന്നിരിക്കുകയാണ്. ചില ഭാഗങ്ങളിൽ ഇവ ഒട്ടിപ്പിൽനിന്ന് ഇളകിയ നിലയിലാണ്. നടക്കുമ്പോൾ ഇളകിയ ഷീറ്റുകളുടെ ശബ്ദം പേടിപ്പെടുത്തുന്നതായി വിദ്യാർഥികൾ പറയുന്നു.
എം.എൽ.എയായിരുന്ന മുല്ലക്കര രത്നാകരന്റെ വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമിച്ചത്. സിഡ്കോക്കായിരുന്നു നിർമാണചുമതല. പണി പൂർത്തിയാക്കിയിട്ടും ഉദ്ഘാടനം നടത്താതിരുന്നത് വിവാദമായിരുന്നു. നട്ടും ബോൾട്ടും ഉപയോഗിക്കേണ്ടതിന് പകരം വെൽഡിങ്ങിലൂടെ ഇരുമ്പ് പാളികൾ യോജിപ്പിച്ചതാണ് ഉദ്ഘാടനം നടക്കാത്തതിന് കാരണമായി പറഞ്ഞുകേട്ടത്.
വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് പാലം കടക്കുന്നത്. പാലം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുതുശ്ശേരി കരിങ്ങന്നൂർ നിവാസികൾക്ക് വേണ്ടി പുതുശ്ശേരി വിഷ്ണു സാംസ്കാരിക കേന്ദ്രം വായനശാലയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും സ്ഥലം എം.എൽ.എയായ മന്ത്രി ചിഞ്ചുറാണിക്കും നിവേദനം നൽകിയിരുന്നു. എന്നാൽ ഉടൻ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിക്കാമെന്ന് അറിയിപ്പ് ലഭിച്ചതല്ലാതെ മറ്റ് നടപടികൾ ഉണ്ടായില്ല.