നവീകരിച്ചിട്ട് ഒരുവർഷം; പൈപ്പ് പൊട്ടി ഓയൂർ - കാറ്റാടി റോഡ് തകർന്നത് 10 തവണ
text_fieldsകാറ്റാടി-ഓയൂർ റോഡിൽ പൈപ്പ് പൊട്ടി തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്തിയ നിലയിൽ
ഓയൂർ: നവീകരണം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ പൈപ്പ് പൊട്ടി ഓയൂർ-കാറ്റാടി റോഡ് തകർന്നത് 10 തവണ. ഗുണമേന്മ കുറഞ്ഞ പൈപ്പുകളാണ് ജലവകുപ്പ് ഉപയോഗിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.നിരന്തരമായി പൈപ്പ് പൊട്ടൽമൂലം വർഷങ്ങളായി റോഡിന്റെ നവീകരണം നിലച്ചിരുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഒരു വർഷം മുമ്പാണ് പൈപ്പുകൾ മാറ്റി റോഡ് നവീകരിച്ചത്. എന്നാൽ, ഒരു കിലോമീറ്റർ റോഡിന്റെ പകുതിയിലേറെ ഭാഗത്ത് പൈപ്പുകൾ പൊട്ടി.
റോഡിന്റെ പത്ത് ഭാഗങ്ങളിലായാണ് പൈപ്പ്പൊട്ടിയത്. ഇതോടെ പാത തകർന്നു. ഒപ്പം വെള്ളമൊഴുക്കും ഭാഗികമായി. പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തിയശേഷം വെള്ളമൊഴുക്കിന്റെ മർദ്ദം കുറക്കുകയായിരുന്നു. ഇതോടെ പ്രദേശത്തെ പല ഭാഗങ്ങളിലും ജലലഭ്യതയിൽ കുറവ് വന്നു.
കുടിവെള്ള പൈപ്പ് മാറ്റി നവീകരിക്കുന്നതിന് ജനകീയ മിഷനിൽ ഉൾപ്പെടുത്തി മന്ത്രി ജെ. ചിഞ്ചു റാണി 70 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, കുടിശ്ശിക കൊടുത്തു തീർക്കാത്തതിനാൽ മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും തയാറായില്ല. സമീപത്തെ ക്വാറികളിൽനിന്ന് പാറ കയറ്റി വരുന്ന ടോറസ് ലോറികളുടെ സഞ്ചാരമാണ് റോഡ് തകരാൻ കാരണമെന്ന് അധികൃതർ പറയുന്നു. അമിതഭാരവുമായി വരുന്ന വലിയ വാഹനങ്ങളുടെ സഞ്ചാരം നിരോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.