അയൽവാസിയെ കുത്തിയ യുവാവ് പിടിയിൽ
text_fieldsവീനീത്
ഓയൂർ: കടം കൊടുത്ത പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് വിഷയത്തിൽ അയൽവാസിയെ കുത്തിപരിക്കേല്പിച്ച പ്രതി പിടിയിലായി. പൂയപ്പള്ളി മുള്ളുകാട്ടിൽ വാടകക്ക് താമസിക്കുന്ന കൊല്ലം മുഖത്തല നടുവിലക്കര ആരാധന ഭവനിൽ വീനീതിനെ (27) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതിന്റെ തൊട്ടടുത്ത വീട്ടിൽ വാടകക്ക് താമസിക്കുന്ന ലാലു (ബേബി) വിനെയാണ് മൂർച്ചയുള്ള ആയുധമുപയോഗിച്ച് വയറ്റിൽ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ലാലു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. ഇരുവരും കുടുംബസമേതമാണ് വാടകവീട്ടിൽ താമസിക്കുന്നത്. മദ്യപാനശീലമുള്ള വിനീത് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുഖത്തലയിൽ നിന്ന് വീട്ടുകാരുമായി പിണങ്ങി പൂയപ്പള്ളിയിൽ താമസിക്കുന്ന ഇയാൾ മിക്ക ദിവസങ്ങളിലും നാട്ടുകാരുമായി വഴക്കുണ്ടാക്കുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു. ഒളിവിൽ പോയ വിനീതിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പൂയപ്പള്ളി സി.ഐ ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ രജനീഷ്, ബാലാജി എസ്. കുറുപ്പ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ സാബു, വിപിൻ, റിജു, ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ വിനീതിനെ റിമാൻഡ് ചെയ്തു.