മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ; ഒരു ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
text_fieldsഅഭിജിത് ലാൽ, ഗോപുകൃഷ്ണൻ
ഓയൂർ: വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്ന രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം മുട്ടക്കുഴി ചരുവിളവീട്ടിൽ അഭിജിത് ലാൽ (22), പടിഞ്ഞാറ്റിൻകര ശ്രീഹരിയിൽ ഗോപുകൃഷ്ണൻ (21) എന്നിവരാണ് എം.ഡി.എം.എയും കഞ്ചാവുമായി പിടിയിലായത്. ഇവരിൽനിന്ന് ഒരു ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കഴിഞ്ഞദിവസം വൈകീട്ട് നാലോടെ ലഹരിവസ്തു വിൽപനക്ക് വെളിയം മുട്ടക്കുഴി ജങ്ഷന് സമീപമെത്തിയപ്പോഴാണ് ഇരുവരും ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
വെളിയംമേഖലയിൽ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ച പൊലീസ് കഴിഞ്ഞ കുറേ ദിവസമായി പ്രദേശം നിരീക്ഷിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൂയപ്പള്ളി പൊലീസിന് കൈമാറി. കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ, സി.പി.ഒമാരായ കിരൺ, സജീവ്, ദിലീപ്, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.