പഞ്ചായത്തിന്റെ അനാസ്ഥ; കിഴക്കുംഭാഗം മാർക്കറ്റ് കെട്ടിടങ്ങൾ തകർച്ചയിൽ
text_fieldsമാർക്കറ്റിനുള്ളിലെ കെട്ടിടം കാടുകയറിയ നിലയിൽ
കടയ്ക്കൽ: ചിതറ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം കിഴക്കുംഭാഗം മാർക്കറ്റിലെ കെട്ടിടങ്ങൾ കാടുകയറി തകർന്ന നിലയിൽ. കിഴക്കുoഭാഗം പബ്ലിക് മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പലതവണ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ പരാതി ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
ചിതറ പഞ്ചായത്ത് പത്ത് വർഷമായി എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള പബ്ലിക് മാർക്കറ്റിലെ കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മാർക്കറ്റിനകവും കെട്ടിടവും കാടുപിടിച്ച് പൊതുജനങ്ങൾക്ക് കയറാൻപറ്റാത്ത അവസ്ഥയിലാണ്. നിരവധി കടമുറികൾ ഉണ്ടെങ്കിലും അറ്റകുറ്റപണികൾ ചെയ്യാത്തതിനാൽ എല്ലാം കാടുകയറി നശിച്ചനിലയിലാണ്.
ഒരു ഷീ ടോയ്ലറ്റും ടോയ്ലറ്റ് ബ്ലോക്കും ഉണ്ടെങ്കിലും അതും അടച്ചുപൂട്ടിയ നിലയിലാണ്. അതിനാൽ പൊതുജനങ്ങൾ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത് മാർക്കറ്റിലെ കാടിനുള്ളിലാണ്. ചുറ്റാകെ കാടായതിനാൽ ഇഴ ജന്തുക്കളെയും തെരുവുനായകളെയും പേടിച്ച് മാത്രമേ ഇതിനകത്ത് കയറാൻ പറ്റുകയുള്ളു. 2001-02 കാലഘട്ടത്തിലാണ് നിലവിലെ കെട്ടിടങ്ങൾ നവീകരിക്കാതെ ചടയമംഗലം ബ്ലോക്കിന്റെ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്.
എങ്കിലും സമയാസമയം പരിപാലിക്കാത്തതിനാൽ അതും നാശത്തിന്റെ വക്കിലാണ്. ഇഴജന്തുക്കളുടെയും മദ്യപൻമാരുടെയും താവളമായി ചിതറ പബ്ലിക്ക് മാർക്കറ്റ് മാറിയിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് നിർമിച്ച ജൈവമാലിന്യ സംസ്കരണ യൂനിറ്റും ഒരുദിവസം പോലും ഉപയോഗിക്കാതെ കാടുകയറി നശിക്കുന്ന നിലയിലാണ്. ആഴ്ചയിൽ ഒരുപകലും ബാക്കി ദിവസങ്ങളിൽ അന്തിച്ചന്തയുമാണ് ചിതറ മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. രാത്രിയായാൽ മതിയായ വെളിച്ചം ഇല്ലാത്ത മാർക്കറ്റിൽ നാട്ടുകാർ മൂക്ക് പൊത്തിയാണ് സാധനം വാങ്ങാൻ എത്തുന്നത്. സമീപ പഞ്ചായത്തുകളിലെ മാർക്കറ്റ് ഹൈടെക്ക് ആകാൻ തയാറടുക്കുമ്പോഴാണ് ചിതറയിലുള്ളതിന്റെ ഈ ദുരവസ്ഥ.