ലഹരി വിൽപന സംഘങ്ങൾ റോഡിൽ ഏറ്റുമുട്ടി; കാർ കത്തിച്ചു
text_fieldsലഹരിമാഫിയാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കത്തിച്ച കാർ
പരവൂർ: പൂതക്കുളത്ത് പട്ടാപ്പകൽ ലഹരി വിൽപന സംഘങ്ങൾ ഏറ്റുമുട്ടിയതിനൊടുവിൽ കാർ കത്തിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരാളെ പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് പതിന്നൊന്നരയോടെ പൂതക്കുളം - ഊന്നിൻമൂട് റോഡിൽ ആശാരിമുക്ക് ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടൽ. ഊന്നിൻമൂട് ഭാഗത്ത് നിന്നും മാരുതി കാറിൽ എത്തിയ നാലംഗ സംഘവും പ്രദേശത്തുള്ള മയക്കുമരുന്ന് സംഘവുമായി ഉണ്ടായ സംഘർഷമാണ് കാർ കത്തിക്കുന്നതിൽ കലാശിച്ചത്.
മയക്കുമരുന്ന് കച്ചവടത്തിനിടയിലുള്ള തർക്കം പറഞ്ഞുതീർക്കാൻ വർക്കലയിൽ നിന്നുള്ള സംഘം ഇവിടെ എത്തുകയും സംസാരത്തിനിടയിൽ ഉണ്ടായ തർക്കം മാരകായുധങ്ങൾ കൊണ്ടുള്ള ഏറ്റു മുട്ടലിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ കാറിലെത്തിയ മൂന്നുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു.
ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ ഓടാൻ കഴിയാതെ റോഡിൽ വീണു. സംഭവം നടക്കുന്നതിനിടെ പ്രദേശത്ത് ഭീകരാന്തരീഷം സൃഷ്ടിച്ച് രണ്ടംഗ സംഘം കാർ അടിച്ചുതകർത്ത് പെട്രോൾ ടാങ്കിന് തീ കൊളുത്തിയശേഷം ഓടി രക്ഷപ്പെട്ടു. തീ ആളിപടർന്നതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. അഗ്നിരക്ഷാസേന സംഘം എത്തി തീ അണച്ചുവെങ്കിലും കാർ പൂർനമായും കത്തിനശിച്ചു.
പിടിയിലായ തിരുവനന്തപുരം കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി ജയകണ്ണൻ(30)നെ പൊലീസ് നെടുങ്ങോലം താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകൂട്ടർക്കുമിടയിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് നേരത്തെയും ഗുണ്ടാ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു പരവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.