‘മാലിന്യക്കുന്നു’കൾക്കിടയിൽ ഹരിതകർമസേന അംഗങ്ങൾ ദുരിതത്തിൽ
text_fieldsപരവൂർ: മാലിന്യനീക്കം നിലച്ചതിനെത്തുടർന്ന് പൂതക്കുളം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേന അംഗങ്ങൾ ദുരിതത്തിൽ. വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് തരം തിരിക്കുന്ന വാറുവിളയിൽ പ്രവർത്തിച്ചുവരുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററിൽ മാലിന്യങ്ങൾ തരംതിരിക്കുന്ന ഹരിതകർമസേന അംഗങ്ങളുടെ ജോലിയാണ് ദുരിതപൂർണ്ണമായത്. മേൽക്കൂരയില്ലാത്ത തുറസായ സ്ഥലത്താണ് മാലിന്യങ്ങൾ ചാക്കുകളിലാക്കി സൂക്ഷിക്കുന്നത് ഇവിടെയാണെങ്കിൽ ചുറ്റുമതിൽ ഇല്ലാത്തത് മൂലം തെരുവ് നായ്കളുടെ താവളമാണ്.
രാത്രിയിൽ തെരുവ് നായ്കൾ പ്ലാസ്റ്റിക്കുകൾ കടിച്ചുകീറി പരിസരം മലിനമാക്കുന്നുണ്ട്. മാലിന്യ നീക്കം ഫലപ്രദമായി നടപ്പാക്കാത്തത് മൂലം തരം തിരിക്കുന്ന മാലിനും കുന്നുകൂടി കിടക്കുകയാണ്. മഴയായത് മൂലം നനഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുപോകാൻ കരാർ കമ്പനിയും മടി ക്കുന്നു. ഇത് മൂലം അതീവ ദുർഗന്ധമാണ് ഇവിടെ. ഹരിത കർമ സേന അംഗങ്ങൾക്ക് സുരക്ഷക്ക് സേഫ്റ്റി ഗ്ലൗസ്, ഷൂ എന്നിവക്ക് ഹരിത മിഷനിൽ നിന്ന് പ്രത്യേക ഫണ്ട് ഉണ്ടെങ്കിലും പഞ്ചായത്ത് നൽകാറില്ല. അത് കൊണ്ട് സുരക്ഷ ഇല്ലാതെ, ദുർഗന്ധം വമിക്കുന്ന അന്തരീഷത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.
പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനോ ഭക്ഷണം കഴിക്കാനുള്ള സൗകര്യം പോലും ഇല്ലാത്ത സാഹചര്യമാണ്. കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഇക്കാരണങ്ങളാലാണ് മാലിന്യനീക്കം നിലച്ച സാഹചര്യമുണ്ടായിരിക്കുന്നത്. മെറ്റീരിയൽ കളക്ഷൻ സെന്ററിനോട് ചേർന്ന് തന്നെ സ്മാർട്ട് അംഗനവാടിയും ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഒരിടത്തും ഗേറ്റ് ഇല്ലാത്തത് കാരണം നൂറുകണക്കിന് തെരുവ് നായ്ക്കൾ ആണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.