പറവൂർ നഗരസഭ; അടിയൊഴുക്കിൽ പ്രതീക്ഷയർപ്പിച്ച് എൽ.ഡി.എഫ്, നാലാമൂഴം കാത്ത് യു.ഡി.എഫ്
text_fieldsപറവൂർ : തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ പറവൂർ നഗരസഭയിൽ 30 വാർഡുകളിലും മത്സരത്തിന് വാശിയേറി. യു.ഡി.എഫും എൽ.ഡി. എഫും 30 വാർഡുകളിലും മത്സരിക്കുമ്പോൾ എൻ.ഡി.എ 27 വാർഡുകളിൽ സ്ഥാനാർഥികളെ അണിനിരത്തിയിട്ടുണ്ട്. തുടർച്ചയായി മൂന്നുതവണ അധികാരത്തിലേറിയ യു.ഡി.എഫ് ഭരണം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ്.
അതേസമയം, എൽ.ഡി. എഫിന് നഗരസഭ തിരിച്ചുപിടിച്ചില്ലെങ്കിൽ കനത്ത ആഘാതമാകും. അടിയൊഴുക്കുകൾ തങ്ങൾക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. 16 മുതൽ 19 വരെ സീറ്റുകൾ തങ്ങൾക്ക് അനുകൂലമാണെന്ന് എൽ.ഡി.എഫ് കണക്കുകൂട്ടുന്നു. മുൻ മന്ത്രി എസ്. ശർമയുടെ ഭാര്യ ആശ ശർമ ഉൾപ്പടെ മത്സരിക്കുന്നു. സി.പി.എം- 21, സി.പി.ഐ- 7, കോൺഗ്രസ് (എസ്)- ഒന്ന്, കേരള കോൺഗ്രസ് (എം)- ഒന്ന് എന്നിങ്ങനെയാണ് എൽ.ഡി. എഫ് സ്ഥാനാർഥികൾ. സി.പി.എം ആറ് ഇടങ്ങളിൽ സ്വതന്ത്രമാരെ നിർത്തിയിട്ടുണ്ട്. സി.പി.ഐ എല്ലായിടത്തും സ്വന്തം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ അവർ സ്വതന്ത്രരെ പരീക്ഷിച്ചത് തിരിച്ചടിയായി. യു.ഡി.എഫ് ആകട്ടെ നാലാം തവണയും ഭരണം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ തവണ ഉണ്ടായ റിബൽ ശല്യത്തിൽ നിന്നും ഇത്തവണ യു.ഡി.എഫ് രക്ഷപ്പെട്ടു.
18 സീറ്റുകൾ നേടുമെന്ന് അവർ അവകാശപ്പെടുന്നു. നഗരസഭ ഭരണ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയും സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് യു.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്. നിലവിൽ മൂന്ന് സീറ്റുള്ള എൻ.ഡി.എ അത് നിലനിർത്തുമെന്നും കൂടുതലായി പത്തോളം സീറ്റുകൾ പിടിച്ചെടുക്കുമെന്നും അവകാശപ്പെടുന്നു.


