എം.ഡി.എം.എ കേസ്: സീരിയൽ നടിയുടെ കൂട്ടാളി അറസ്റ്റിൽ
text_fieldsപരവൂർ: പരവൂരിൽ എം.ഡി.എം.എയുമായി പിടിയിലായ സീരിയ നടി ഷംനത്ത് എന്ന പാർവതിയുടെ കൂട്ടാളിയും അറസ്റ്റിലായി. കടയ്ക്കൽ ഐരക്കുഴി മങ്കാട്ടുകുഴി ചരുവിളവീട്ടിൽ നവാസി(35) നെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 18ന് ഒന്നരഗ്രാം രാസലഹരിയുമായി ഷംനത്തിനെ ചിറക്കരയിലെ വീട്ടിൽനിന്നാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കടയ്ക്കൽ സ്വദേശി നവാസാണ് ലഹരിക്കച്ചവടത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. നടി അറസ്റ്റിലായതിനെതുടർന്ന് ഒളിവിൽ പോയ നവാസ് കടയ്ക്കലിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ തന്നെയാണ് ഒന്നാം പ്രതി ഷംനത്തിന് ലഹരി കൈമാറിയതെന്ന് നവാസ് സമ്മതിച്ചിട്ടുണ്ട്.
വർക്കല ബീച്ചിൽ െവച്ചാണ് ഇവർ പരിചയപ്പെടുന്നത്. മയക്കുമരുന്നിന് അടിമയായ നടി അത് വാങ്ങാനായി സ്ഥിരമായി വർക്കലയിൽ എത്തുന്നുണ്ട്. ലഹരി കച്ചവടത്തിലൂടെ പ്രതികൾ സുഹൃദ്ബന്ധം ദൃഢമായതോടേ രണ്ടാം പ്രതിയുടെ നാട്ടിലെത്തി എം.ഡി.എം.എ വാങ്ങി തിരികെ വരുന്നതിനിടയിലാണ് ഇവർ പൊലീസ് പിടിയിലാകുന്നത്. തെക്കൻ കേരളത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനിയാണ് നവാസ്. ഇയാൾക്കെതിരെ വിവിധ എക്സൈസ് റേഞ്ച് ഓഫിസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകൾ നിലവിലുണ്ട്. കാപ്പനിയമപ്രകാരം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.