മദ്യപിക്കാൻ പണം നൽകിയില്ല; പിതാവ് മകനെ വെട്ടിപ്പരിക്കേൽപിച്ചു
text_fieldsരാജേഷ്
പരവൂര്‍: മദ്യപിക്കാന്‍ പണംനൽകാത്ത വിരോധത്തില്‍ പിതാവ് ഉറങ്ങിക്കിടന്ന മകനെ വെട്ടിപ്പരിക്കേൽപിച്ചു. പരവൂര്‍ കുറുമണ്ടല്‍ പടിഞ്ഞാറ്റേഭാഗം വീട്ടില്‍ ആര്. അഭിലാഷിനാണ് (18) ഗുരുതരമായി പരിക്കേറ്റത്. പിതാവ് രാജേഷിനെ (സുനി-50) പരവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഭവം. വീട് അറ്റകുറ്റപ്പണിക്കായി നഗരസഭയില്‍ നിന്ന് അനുവദിച്ച പണം മദ്യപിക്കാന്‍ നൽകാത്തതാണ് പ്രകോപനം. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രാജേഷിനെ പിന്നീട് പൊലീസ് പിടികൂടി. കത്താളുപയോഗിച്ച് മുഖത്തും കഴുത്തിനും കൈക്കുമാണ് വെട്ടിയത്. ഗുരുതര പരിക്കേറ്റ അഭിലാഷിനെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചു. വെട്ട് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാജേഷും ഭാര്യയും മകനും മകളും ഒന്നിച്ചാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വീടിന്റെ പണിക്കായി 35,000 രൂപ നഗരസഭയിൽ നിന്ന് കിട്ടി. ഇത് അഭിലാഷിന്റെ കൈയിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ, വൈകീട്ട് രാജേഷ് പണം ആവശ്യപ്പെട്ടെങ്കിലും കൊടുത്തില്ല. തുടർന്ന് മദ്യപിച്ച രാജേഷ് പുലർച്ച രണ്ടോടെ ഉറങ്ങിക്കിടന്ന മകനെ വെട്ടുകയായിരുന്നു.
അമ്മ നിലവിളിച്ച് അടുത്തുള്ള വീടുകളിലേക്ക് ഓടുകയും മുനിസിപ്പൽ കൗൺസിലറും നാട്ടുകാരും എത്തി അഭിലാഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ആറ്റിന്റെ കരയിൽനിന്ന് രാജേഷിനെ പിടികൂടി. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു.