മദ്യപാനത്തിനിടെ വധശ്രമം, കാറ് കത്തിക്കൽ; ഒരാൾ പിടിയിൽ
text_fieldsസന്ദേശ് എസ്.നായർ
പരവൂർ: പരവൂർ പുതക്കുളത്ത് കാർ തീവെച്ചു നശിപ്പിക്കുകയും യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാൾകൂടി പിടിയിൽ. പൂതക്കുളം മിനി സ്റ്റേഡിയത്തിനു സമീപം ലത മന്ദിരത്തിൽ താമസിക്കുന്ന തിരുവനന്തപുരം കാച്ചാണി ജോസഫ് ലൈൻ 34 ൽ ശ്രീരുദ്രയിൽ സന്ദേശ് എസ്. നായർ എന്ന ശംഭു(28) ആണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നതിങ്ങനെ: കല്ലമ്പലം സ്വദേശിയായ ആദർശും പ്രതിയായ സന്ദേശും സുഹൃത്തുക്കൾ ആണ്. ആദർശ് തന്റെ മറ്റൊരു സുഹൃത്തായ ജയ കണ്ണനോടൊപ്പം സന്ദേശിനെ കാണാനായി പൂതക്കുളത്ത് എത്തുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഇവർ മദ്യപിച്ചതായും പറയുന്നു. ആദർശും സന്ദേശും പ്രതികളായിട്ടുള്ള ഒരു കഞ്ചാവ് കേസ് കൊല്ലം വെസ്റ്റ് പൊലീസിൽ നിലവിലുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായി.
ജയ കണ്ണൻ ഇടപെട്ട് അക്രമണത്തിനു മുതിർന്ന ഇരുവരെയും പിന്തിരിപ്പിക്കുകയും ആദർശിനേയും കൂട്ടി തിരികെ പോകാൻ ശ്രമിച്ചെങ്കിലും മറ്റൊരു യുവാവുമായി പിന്നാലെ എത്തിയ സന്ദേശ് ജയ കണ്ണനെ ആക്രമിക്കുകയും ഇവർ സഞ്ചരിച്ചിരുന്ന കാർ ഗ്ലാസുകളും മറ്റും വെട്ടുകത്തി ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുകയും ശേഷം തീയിടുകയുമായിരുന്നു. പിന്നീട് ഒളിവിൽ പോയ പ്രതിയെ ബാംഗ്ലൂരിലേക്ക് കടക്കാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടയിൽ പോളച്ചിറയിലെ പൊന്തക്കാട്ടിൽ നിന്നും സാഹസികമായി പിടികൂടുകയായിരുന്നു.
അക്രമത്തിനുശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ ശേഷം ഒളിവിൽപോയ സന്ദേശിനെ ഫോൺ ഓൺ ചെയ്തപ്പോൾ കിട്ടിയ ടവർ ലൊക്കേഷൻ പിൻതുടർന്നാണ് പിടികൂടിയത്. ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകൾ നടത്തി. വൈദ്യ പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.