ആറ്റുതീരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു; കനത്ത പുകയിൽ നെട്ടോട്ടമോടി നാട്ടുകാർ
text_fieldsപുക കെടുത്താനുള്ള ഫയർഫോഴ്സിന്റെ ശ്രമം
പരവൂർ: നെടുങ്ങോലം പരവൂർ മേഖലയിൽ പ്ലാസ്റ്റിക് അടക്കമുള്ള റിസോർട്ട് മാലിന്യം കത്തിക്കുന്നത് പതിവായി മാറിയതോടെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി ഇത്തിക്കരയാറ്റിന്റെ തീരത്ത് നെടുങ്ങോലം കരിയിലകല്ല് കടവ് ഭാഗത്ത് അടുത്തിടെ തുടങ്ങിയ റിസോർട്ടിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതോടെ പ്രദേശത്ത് വൻ തോതിൽ പുക ഉയരുകയായിരുന്നു.
അസഹ്യമായ രീതിയിൽ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പ്രദേശമാകെ കറുത്ത പുക നിറയുകയും ശുദ്ധവായു കിട്ടാതെ പ്രദേശവാസികൾ കുഞ്ഞുങ്ങളുമായി പുറത്തേക്കോടുന്ന അവസ്ഥയുണ്ടായി. കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ഛർദിച്ചു. പലരും ആശുപത്രികളിൽ അഭയം തേടി. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കായൽ ഭാഗത്ത് തുരുത്തിൽ മാലിന്യം കത്തിക്കുന്ന സ്ഥലം കണ്ടെത്തി. ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും അവർ എത്തിയെങ്കിലും വൻ തോതിൽ കറുത്ത പുക ഉയർന്നത്തോടെ പിന്മാറുകയായിരുന്നു.
തുടർന്ന് കൂടുതൽ ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തി തീയും പുകയും നിയന്ത്രണ വിധേയമാക്കി. ആഴ്ചയിൽ രണ്ടും മൂന്നും തവണ റിസോർട്ട് ഉടമകൾ മാലിന്യം കത്തിക്കുന്നത്പതിവായി മാറിയെന്ന് നാട്ടുകാർ പറയുന്നു. പലതും ലൈസൻസ് ഇല്ലാത്ത റിസോർട്ടുകൾ ആയതിനാൽ തദ്ദേശ സ്ഥാപനങ്ങൾ നടപടി എടുക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യം ആണ്.


