മണൽവാരിയതിന് പൊലീസ് പിടികൂടിയ രണ്ട് വഞ്ചികളിൽ നല്ലത് മാറ്റി; പൊട്ടിപ്പൊളിഞ്ഞത് പകരം വെച്ചു
text_fieldsപൊലീസ് പിടിച്ചെടുത്ത വഞ്ചിക്ക് പകരം ഗോതുരുത്ത് പള്ളിക്കടവിൽ കൊണ്ടുവന്ന് കെട്ടിയ വഞ്ചി
പറവൂർ: മണൽ വാരിയതിന് വടക്കേക്കര പൊലീസ് പിടികൂടിയ രണ്ട് വഞ്ചികളിൽ ഒരെണ്ണം കടത്തിക്കൊണ്ടു പോയി. വാവക്കാട് സ്വദേശിയുടെ വഞ്ചികൾ 20ന് പുലർച്ചയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ഗോതുരുത്ത് പള്ളിക്കടവിൽ കെട്ടിയിട്ടു. പണി ഉപകരണങ്ങളും വഞ്ചിയിൽ സൂക്ഷിച്ചിരുന്നു. പിടികൂടിയ രണ്ട് വഞ്ചികളും നല്ല വഞ്ചികളായിരുന്നു. ഒരു വഞ്ചിയും പണിയുപകരണങ്ങളും കടത്തികൊണ്ടു പോകുകയും പകരം പൊട്ടിപ്പൊളിഞ്ഞ പഴയ വഞ്ചി അതേ സ്ഥാനത്ത് കെട്ടിയിടുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അറിയിച്ചു. അന്വേഷണം നടക്കാതിരുന്നതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് വടക്കേക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ സി.സി ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.