പരവൂരിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsപരവൂർ:നഗരസഭ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. നഗരഹൃദയത്തിലടക്കം രാവെന്നോ പകലെന്നോ ഇല്ലാതെ തെരുവ് നായ്ക്കൾ കുട്ടമായി എത്തുന്നത് ജനങ്ങൾക്ക് ഭീഷണിയായി മാറി. കാൽനട, ഇരുചക്ര വാഹന യാത്രക്കാർ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായി മാറി. തെരുവുനായ്ക്കൾ കുറുകെ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്.
പ്രധാനമായും പരവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാട് പിടിച്ചുകിടക്കുന്ന ഭാഗങ്ങളാണ് ഇവരുടെ പ്രധാന താവളം.ഒല്ലാൽ റെയിൽവേ ഗേറ്റ്, മാർക്കറ്റിന് സമീപം, സ്കൂൾ പരിസരം, പൊഴിക്കര,തെക്കും ഭാഗം ബീച്ചുകൾ എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിട്ടുള്ളത്. കുട്ടികൾക്ക് സ്കൂളിൽ പോകാനോ വഴിയാത്രക്കാർക്ക് നടക്കാനോ പറ്റാത്ത സ്ഥിതിയാണ്. ദിനംപ്രതി ഓട്ടോ, ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി.
സ്കൂൾ കുട്ടികൾക്ക് തെരുവ് നായ്ക്കളെ ഭയക്കാതെ നടന്ന് സ്കൂളിലെത്താൻ കഴിയുന്നില്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ പട്ടിയെ തുരത്താൻ കൈയിൽ കുറുവടികൾ കരുതേണ്ട നിലയിലാണ്. ഇരുചക്ര വാഹനക്കാർക്ക് തെരുവ് നായ്ക്കൾ മരണക്കെണി ഒരുക്കുകയാണ്. ആക്രമണകാരികളായ നായ്ക്കളെ പിടികൂടി മുൻസിപ്പൽ തലത്തിൽ വന്ധ്യകരണം നടത്തുകയോ ഷെൽട്ടറുകളിലേക്ക് മാറ്റി പാർപ്പിക്കുകയോ ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ല.
പല നായ്കൾക്കും പേവിഷ ബാധയുണ്ടോയെന്ന് സംശയമാണ്. പ്രഭാത സായാഹ്ന സവാരിക്കിറങ്ങുന്ന വയോധികരും സ്കൂൾ വിദ്യാർഥികളുമാണ് മിക്കപ്പോഴും തെരുവനായ ആക്രമണത്തിന് ഇരയാകുന്നത്.മുൻസിപ്പൽ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയ നിലയിലാണ്. ഇതിനെതിരെ അധികൃതർ മൗനം പാലിക്കുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. തെരുവുനായ്ക്കൾ മൂലം ഇനി ഒരു ജീവൻ പൊലിയുംമുമ്പ് അധികൃതർ പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. തെരുവ് നായ്ക്കൾ അതിർത്തികടന്നും എത്തുന്നുണ്ട്.
കൊല്ലം - തിരുവനന്തപുരം ജില്ല അതിർത്തിയായ കാപ്പിലിലും തീര പ്രദേശങ്ങളിലും അതിർത്തി കടത്തി വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ആൾപാർപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ ഇറക്കിവിടുന്നതാണ് പ്രധാന പ്രശ്നം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവിൽ വിടാനുള്ള പദ്ധതി പരവൂർ നഗരസഭയിൽ നടപ്പാക്കാത്തത് മൂലം തെരുവ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വന്ധ്യംകരണം നടക്കാതെയായി.തെരുവ് നായ്ക്കളെ പിടികൂടാനുള്ള പദ്ധതി പരവൂർ നഗരസഭക്ക് ഇല്ല. മുമ്പ് നായശല്യം രൂക്ഷമാകുമ്പോൾ 'പട്ടിപിടുത്തക്കാർ' ഇറങ്ങുക പതിവ്.
ഇപ്പോൾ ഇതും നടക്കാതായി. മാർക്കറ്റുകൾ, മാലിന്യം നിറയുന്ന പാതയോരങ്ങൾ എന്നിവിടങ്ങളിലാണ് നായശല്യം ഏറെ രൂക്ഷമായിട്ടുള്ളത്. റോഡിൽ മാലിന്യം നിറയുന്നതാണ് തെരുവ് നായ്ക്കൾക്ക് ചാകരയാകുന്നത്. അറവുശാല മാലിന്യം ഉൾപ്പെടെ ഉൾപ്രദേശങ്ങളിലെ റോഡുവക്കിൽ തള്ളുന്നുണ്ട്. ഇത്തരം സ്ഥലം കേന്ദ്രീകരിച്ചാണ് നായ്ക്കളെ വാഹനത്തിൽ കൊണ്ടുവന്ന് ഇറക്കുന്നതും.


