പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം നീളുന്നു
text_fieldsപാരിപ്പള്ളി: അനുമതി ലഭിച്ചെങ്കിലും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം തുടങ്ങുന്നത് അനന്തമായി നീളുന്നു. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ 50 കിടക്കകളുള്ള പുതിയകെട്ടിടമാണ് നിർമിക്കാൻ അനുമതി ലഭിച്ചിരുന്നത്.
4250 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിന് 23.75 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിക്ക് കേന്ദ്രസർക്കാറിന്റെ അനുമതി ലഭിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിനായി കിറ്റ്കോയെ ഏൽപിച്ചു. കിറ്റ്കോയുടെ നേതൃത്വത്തിൽ പ്രാരംഭനടപടികൾ ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല.
നാഷനൽ ഫണ്ടിങ് ഏജൻസിയും സ്ഥലം സന്ദർശിച്ച് അനുമതി നൽകിയിരുന്നു. നാഷനൽ ഹെൽത്ത് മിഷന്റെ വിദഗ്ധസംഘവും പരിശോധനകൾ പൂർത്തിയാക്കി മടങ്ങി. കേരളത്തിലെ മികച്ച മെഡിക്കൽ കോളജായി ഉയർത്തിക്കൊണ്ടുവരാൻ അടിസ്ഥാനസൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിന്റെ നിലവിലെ പോരായ്മകൾക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമായിരുന്നു.
ഇ.എസ്.ഐ കോർപറേഷന്റെ കീഴിലായിരുന്ന മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളജായി ഉയർത്തിയതോടെ കൊല്ലം ജില്ലയിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതീക്ഷയാണ്.
കോടികൾ ചെലവഴിച്ച് കെട്ടിടവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയെങ്കിലും സർക്കാർ മെഡിക്കൽ കോളജ് പ്രവർത്തനം പൂർണമാക്കാനുള്ള ന്യൂറോസർജറി ഉൾപ്പെടെ പ്രധാനവിഭാഗങ്ങളും സി.ടി സ്കാൻ, റേഡിയോളജി സെന്ററുകളും ആരംഭിച്ചിട്ടില്ലാത്തതുകൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുന്നില്ല.
ദേശീയപാതയോടുചേർന്നുള്ള മെഡിക്കൽ കോളജിൽ റോഡപകടങ്ങൾ സംഭവിച്ചും മറ്റ് അത്യാഹിതങ്ങളെത്തുടർന്നും ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ഇവിടെ സ്കാനിങ്ങിനുള്ള സൗകര്യമില്ലാത്തതും ന്യൂറോ ഡോക്ടറുടെ അഭാവവും കാരണം റഫർ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വിടുകയാണ് പതിവ്.