പത്തനാപുരം ടൗണിലെ അനാഥമായ കടകള്‍ നീക്കുന്നു
text_fieldsപത്തനാപുരം കുന്നിക്കോട് പാതയോരത്ത് പ്രവര്‍ത്തിക്കാതെ കിടക്കുന്ന കടകള്‍
പത്തനാപുരം: പത്തനാപുരം ടൗണിൽ അനാഥമായ കടകൾ നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചു. കുന്നിക്കോട് പാതയുടെ വശങ്ങളിൽ മൗണ്ട് താബോറിലേക്കുള്ള പ്രവേശനകവാടത്തിനെതിരെയുള്ള താൽക്കാലിക കടകൾ നീക്കുമെന്നാണ് അറിയിപ്പ്. എന്നാൽ കടകളുടെ യഥാർഥ ഉടമസ്ഥരെ കണ്ടെത്താനോ നേരിട്ട് നോട്ടീസ് നൽകാനോ വകുപ്പിന് കഴിഞ്ഞില്ല.
വർഷങ്ങൾക്കുമുമ്പ് വിവിധതരം കടകളാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഉടമസ്ഥരെ കണ്ടെത്താനാവാതായതോടെയാണ് കടകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബോർഡുകൾ സ്ഥാപിച്ചത്.
കുന്നിക്കോട് പത്തനാപുരം ശബരിപാതയുടെ വശങ്ങളുടെ കോൺക്രീറ്റിങ്ങിന്റെ ഭാഗമായ കരാര്‍ നടപടി പൂർത്തിയായി. ഇനി പ്രവൃത്തികൾ തുടങ്ങാൻ ഇവിടെ സ്ഥാപിച്ചിരിക്കുന്ന താൽക്കാലികകടകൾ നീക്കം ചെയ്യണം. നഗരത്തിലെ പാർക്കിങ് ആവശ്യത്തിനായി രണ്ട് മീറ്റര്‍ വീതിയിലാണ് പാതയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നത്. 22ന് മുമ്പ് അനധികൃത കടകൾ നീക്കണമെന്നാണ് വകുപ്പിന്റെ നിർദേശം.