സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലോറി തട്ടിയെടുക്കാൻ ശ്രമം
text_fieldsആഷിക് തട്ടിയെടുക്കാൻ ശ്രമിച്ച ലോറി റോഡരികിൽ നിർത്തിയിട്ടിരിക്കുന്നു
പത്തനാപുരം:സെയിൽ ടാക്സ് ഉദ്യോഗസ്ഥനെന്ന വ്യാജേന തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ കബളിപ്പിച്ച് ചരക്ക് ലോറി തട്ടിയെടുത്ത യുവാവ് പത്തനാപുരത്തെ ''വിറപ്പിച്ചു''. നെടുംപറമ്പ് ജങ്ഷനിൽ രാവിലെ പത്തു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
തമിഴ്നാട്ടിലെ വിരുതുനഗറിൽ നിന്നും സിമന്റുമായി കായംകുളത്തേക്ക് പോയ ലോറിയാണ് ഇടത്തറ സ്വദേശിയായ ആഷിക് എന്നയാൾ നടുറോഡിൽ തടഞ്ഞത്. സാധാരണ തിരക്കുള്ള നെടുംപറമ്പ് ഭാഗത്ത് ലോറി എത്തുമ്പോൾ വേഗത കുറവായിരുന്നു. അപ്പോഴാണ് ലോറിക്ക് മുന്നിൽ പെട്ടെന്നൊരാൾ പ്രത്യക്ഷപ്പെട്ട് വാഹനം തടയുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ വാഹനം നിർത്തിയ ഡ്രൈവറുടെ അടുത്തേക്ക് ആഷിക് എത്തി സെയിൽ ടാക്സ് ഓഫീസർ ആണെന്ന് പരിചയപ്പെടുത്തുകയും ലോറി ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു.
ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു.യാത്രക്കിടെ പേപ്പറുകൾ എല്ലാം ശരിയാണോയെന്ന് ആഷിക് ചോദിച്ചപ്പോൾ ആണെന്ന് ഡ്രൈവർ മുത്തുവേലു മറുപടി നൽകുകയും ചെയ്തു. മുന്നോട്ട് നീങ്ങുന്നതിനിടെ ആഷിക് പെട്ടെന്ന് ലോറി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പുറത്തിറങ്ങിയ ആഷിക്, ഡ്രൈവറെ അസഭ്യം പറഞ്ഞ് കല്ല് കൊണ്ടിടിക്കാൻ ശ്രമിക്കുകയും ലോറിയിൽനിന്ന് പിടിച്ചിറക്കുകയും ചെയ്തു. ഈ സമയം ലോറിയുടെ എഞ്ചിൻ ഓഫ് ചെയ്തിരുന്നില്ല.
ലോറിയിലേക്ക് ചാടിക്കയറിയ ആഷിക്, ലോറിയുമായി ഗവ. ആശുപത്രി റോഡിലൂടെ പാഞ്ഞു. ലോറി ഡ്രൈവർ മുത്തുവേലു ബഹളംവെച്ചത് കണ്ട് ഓട്ടോ ഡ്രൈവർമാർ ഓടിയെത്തി. തുടർന്ന്, ലോറി ഡ്രൈവർമാർ ലോറിയെ പിന്തുടർന്നു. ആശുപത്രിയിലേക്കുള്ള റോഡ് കുത്തനെ കയറ്റമുള്ളതിനാൽ സിമന്റ് കയറ്റിയ ലോറിയുമായി ആഷികിന് മുന്നോട്ട് പോകാൻ സാധിച്ചില്ല. ഈ സമയം സ്ഥലത്ത് ആള് കൂടിയത് കണ്ട് ആഷിക് ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. ലോറിയിൽ നിന്നും ആഷികിന്റെ പഴ്സ് പൊലീസിന് കിട്ടിയതോടെയാണ് സംഭവത്തിന് പിന്നിൽ ആരെന്ന് പൊലീസിന് മനസ്സിലായത്. തുടർന്ന്, പൊലീസ് ആഷികിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നു പൊലീസ് പറഞ്ഞു.