മൃതദേഹം സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകി ഓട്ടോഡ്രൈവർ
text_fieldsസ്വന്തം ഓട്ടോയുമായി ഷിബു
പത്തനാപുരം: സംസ്കരിക്കാൻ സ്ഥലമില്ലാതെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചത് രണ്ടു ദിവസം. ഒടുവിൽ മൃതദേഹം സംസ്കരിക്കുന്നതിന് സ്ഥലം വിട്ടുനൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. കടയ്ക്കാമൺ അംബേദ്കർ നഗറിൽ വാടകക്ക് താമസിച്ചിരുന്ന ഉഷ (54) ചികിത്സയിലിരിക്കെ മരിച്ചത് ശനിയാഴ്ചയാണ്. മൃതദേഹം വാടക വീട്ടിലെത്തിച്ച് പൊതുദർശനം നടത്തിയശേഷം വീണ്ടും മോർച്ചറിയിലേക്ക് മാറ്റി.
മൃതദേഹം അടക്കം ചെയ്യാൻ സ്ഥലമില്ലാത്തതുകാരണം മക്കളും അമ്മയെ ഒരുനോക്ക് കണ്ട് മടങ്ങി. ഉഷയുടെ മൃതദേഹം എവിടെ സംസ്കരിക്കുമെന്ന് ചോദ്യം ഉയർന്നെങ്കിലും ആർക്കും ഉത്തരം ഇല്ലായിരുന്നു. ഇതിനിടെയാണ് കടയ്ക്കാമൺ ഷിബുഭവനിൽ ലീല മകനോട് കാര്യങ്ങൾ പറഞ്ഞത്. അമ്മ പറഞ്ഞതിന് പിന്നാലെ മകൻ, ഉഷയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം വിട്ടുനൽകാൻ തയാറാണെന്ന് അറിയിച്ചു. പത്തനാപുരം നെടുമ്പറമ്പ് സ്റ്റാൻഡിലെ ഡ്രൈവർ ഷിബു ആണ് ആ വലിയ മനസിന്റെ ഉടമ.
ഓട്ടോറിക്ഷ ഓടി സ്വരൂപിച്ച പണത്തിൽനിന്നും രണ്ടുവർഷം മുമ്പാണ് ഷിബു കൂടൽമുക്കിൽ 10 സെന്റ് സ്ഥലം വീട് വെക്കാൻ വാങ്ങിയത്. വീട് നിർമാണത്തിന് പണം കണ്ടെത്തുന്ന തിരക്കിലായിരുന്നു ഷിബു. ഇതിനിടെയാണ് താൻ വാങ്ങിയ ഭൂമിയിലെ ഒരുഭാഗം ഉഷയുടെ മൃതദേഹം സംസ്കരിക്കുന്നതിന് വിട്ടുനൽകാൻ ഷിബു തീരുമാനിച്ചത്. വീടെന്ന സ്വപ്നം ബാക്കിയാണെങ്കിലും ഒരാളെ അടക്കം ചെയ്യാൻ സ്ഥലം വിട്ടുനൽകിയതിലുള്ള ആത്മസംതൃപ്തിയിലാണ് അദ്ദേഹം.