കുടിവെള്ള പദ്ധതികൾ അവതാളത്തിൽ; ദുരിതമകലാതെ കടയ്ക്കാമൺ ഗ്രാമം
text_fieldsപത്തനാപുരം: വരൾച്ച രൂക്ഷമായതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പിറവന്തൂർ പഞ്ചായത്തിലെ കടയ്ക്കാമൺ അംബേദ്കർ ഗ്രാമം. ഏകദേശം ആയിരത്തിൽപരം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമം രണ്ട് കുടിവെള്ള പദ്ധതികളെയാണ് ആശ്രയിക്കുന്നത്.
കുരിയോട്ടുമല കുടിവെള്ള പദ്ധതിയും, ജൽ ജീവൻ മിഷൻ കടയ്ക്കാമൺ ഗ്രാമീണ കുടിവെള്ള പദ്ധതിയും. ഇതിൽ കുരിയോട്ടുമല കുടിവെള്ള പദ്ധതി ഉന്നതിനഗറിന്റെ ഒരു ഭാഗത്തും, ജൽജീവൻ മിഷൻ പദ്ധതി ഉന്നതി നഗറിന്റെ മറു ഭാഗത്തുമായാണ് കുടിവെള്ളമെത്തിക്കുന്നത്.
എന്നാൽ കുരിയോട്ടുമല കുടിവെള്ള പദ്ധതിയിൽനിന്ന് യഥാസമയങ്ങളിൽ വെള്ളമെത്താറില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. കൃത്യമായ രീതിയിൽ വെള്ളം പമ്പ് ചെയ്യാൻ കഴിയാത്തതാണ് ഇതിന് കാരണമായി ചൂണ്ടിട്ടപ്പെടുന്നത്. പത്തനാപുരം പഞ്ചായത്തിന്റെ വിവിധമേഖലകളിലേക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് കുരിയോട്ടുമല കുടിവെള്ള പദ്ധതി. ഗ്രാമീണവാസികൾക്ക് സമ്പൂർണമായി കുടിവെള്ളമെത്തിക്കുന്നതിനായി കമീഷൻ ചെയ്ത ജൽജീവൻ മിഷൻ കടയ്ക്കാമൺ ഗ്രാമീണ കുടിവെള്ള പദ്ധതി ഇപ്പോൾ നോക്കുകുത്തിയായ അവസ്ഥയിലാണ്. 2003 ഡിസംബർ 15നാണ് പദ്ധതി കമീഷൻ ചെയ്തത്. ഇവിടെ പമ്പിങ് മുടങ്ങിയിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായി മോട്ടോർ തകരാറിലാകുന്നതാണ് പമ്പിങ്ങിന് തടസ്സം സൃഷ്ടിക്കുന്നത്. ഇതുമൂലം വേനലിൽ നൂറുകണക്കിന് കുടുംബങ്ങൾ വെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ്.
പമ്പിങ്ങുള്ള സമയങ്ങളിൽ കലക്കവെള്ളമാണ് വീടുകളിൽ എത്തിയിരുന്നതെന്നും നാട്ടുകാർ പറയുന്നു. കുന്നും മലയും താണ്ടി പലരും ദൂരസ്ഥലങ്ങളിൽനിന്ന് കുടിവെള്ളം ശേഖരിക്കുകയാണ് പതിവ്.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന നിർധനർക്ക് പണം നൽകി കുടിവെള്ളം വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കൊടുംവേനലിലും കുടിവെള്ളം ലഭിക്കാതെ ആയിരക്കണക്കിന് പേർ ബുദ്ധിമുട്ടുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന പരാതിയാണുയരുന്നത്.


