അപകടഭീതി ഉയർത്തി വൈദ്യുതി ലൈൻ; സ്കൂൾ അധികൃതർ അറിയിച്ചിട്ടും കെ.എസ്.ഇ.ബിക്ക് മൗനം
text_fieldsസ്കൂൾ മുറ്റത്ത് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി ലൈനിനോട് ചേർന്ന്
അപകട ഭീഷണി ഉയർത്തി നിൽക്കുന്ന നിലയിൽ
പത്തനാപുരം: അപകട ഭീതിയുയർത്തി സ്കൂൾ മുറ്റത്തെ മരങ്ങൾ വൈദ്യുതി ലൈനിന് മുകളിലെത്തിയിട്ടും മുറിച്ചുമാറ്റാൻ കെ.എസ്.ഇ.ബിക്ക് മൗനം. നടുക്കുന്ന് ഗവ. എൽ.പി സ്കൂൾ മുറ്റത്തെ മരങ്ങളാണ് സമീപത്തുകൂടി പോകുന്ന വൈദ്യുതി ലൈനിന് മുകളിലേക്ക് നിൽക്കുന്നത്.
കഴിഞ്ഞദിവസം തേവലക്കരയിൽ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ലൈൻ പട്രോളിങ്ങിന് വൈദ്യുതി മന്ത്രി കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിരുന്നു. രാവിലെ സ്കൂളിലെത്തിയ ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുള്ളവർ അപകടസാധ്യതയോടെ മരങ്ങൾ നിൽക്കുന്ന വിവരം കെ.എസ്.ഇ.ബിയെ അറിയിച്ചതാണ്. വരാമെന്ന് മറുപടി പറഞ്ഞെങ്കിലും സ്കൂൾ സമയം കഴിയുന്നതുവരെയും എത്തിയില്ല.
സ്കൂൾ മുറ്റത്തുള്ള മരങ്ങളുടെ ശിഖരങ്ങൾ ലൈൻ കമ്പിയോട് ചേർന്നാണ് നിൽക്കുന്നത്. ഒരു ചെറിയ കാറ്റടിച്ചാൽപോലും ഏതുനിമിഷവും ശിഖരങ്ങൾ ഒടിഞ്ഞുതൂങ്ങി ലൈൻ കമ്പിയിൽ പതിക്കാൻ സാധ്യത ഏറെയാണ്. ഇത് അധ്യാപകരുടെയോ വിദ്യാർഥികളുടെയോ ശ്രദ്ധയിൽ പെട്ടെന്നുവരില്ല.
സാഹചര്യം കെ.എസ്.ഇ.ബി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും അത് മുഖവിലക്കെടുക്കുന്നില്ലെന്നാണ് പരാതി.