അതിദാരിദ്ര്യ മുക്തമാകില്ല; അതിജീവനത്തിന് അർഹതപ്പെട്ടവർ ദേ ഇവിടെ ഉണ്ട്
text_fieldsപത്തനാപുരം : സംസ്ഥാനം അതി ദാരിദ്ര്യമുക്തമായെന്ന് പ്രഖ്യാപിക്കാനിരിക്കെ ഇനിയും ഒട്ടേറെപ്പേർ ജീവിതത്തോട് മല്ലടിക്കുകയാണ്, കിടപ്പാടത്തിനും ഒരു നേരത്തെ ഭക്ഷണത്തിനുമൊക്കെയായി. പത്തനാപുരം പഞ്ചായത്തിലെ പൂങ്കുളഞ്ഞി ചിതൽ വെട്ടി മേഖലകളിലേക്ക് അധികാരികൾ തിരിഞ്ഞുനോക്കിയാൽ കാണാവുന്നതേയുള്ളു ഇതൊക്കെ.
ചിതൽവെട്ടി പടിഞ്ഞാറ്റിൻകര മണിയുടെ ജീവിത കാഴ്ച ഭയാനകമാണ്. ഒന്ന് നിവർന്നുനിൽക്കാൻ പോലും കഴിയാത്ത ആ ചരിപ്പിലേക്ക് തലയിട്ട് നോക്കിയാൽ മണി നീണ്ടു നിവർന്നു കിടക്കുന്നതാണ് കാണുക. ഇഴഞ്ഞിഴഞ്ഞാണ് പുറത്തേക്കുവരുന്നത്. കൈവശമുള്ളത് റേഷൻ കാർഡ് മാത്രം. ആധാർ കാർഡും മറ്റ് രേഖകളും ഒന്നുമില്ല. വർഷങ്ങളായി ഈ കൂരയിലാണ് മണിയുടെ ജീവിതം.
വല്ലപ്പോഴും ആരെങ്കിലും കൊടുക്കുന്ന ആഹാരം കഴിച്ചാണ് മുന്നോട്ടുപോക്ക്. ഉടുതുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥ. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീട് വയ്ക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി തവണ വാർഡ് മെംബറോട് പറഞ്ഞിട്ടും ഒരു പരിഗണനയും ഉണ്ടായില്ലെന്ന് ആശാവർക്കർ ഗീത ദിനേശ് പറഞ്ഞു.
രാപകൽ വ്യത്യാസമില്ലാതെ ഇഴജന്തുക്കളുടെ ശല്യവും ഉണ്ടാകാറുണ്ടെന്ന് മണി പറയുന്നു. തണുപ്പ് കാലത്ത് ഷെഡിനുള്ളിൽ തീപുകയ്ക്കും. അതിദാരിദ്യം നിറഞ്ഞ ജീവിതാവസ്ഥയിലാണ് മണി ഓരോ ദിനവും തള്ളി നീക്കുന്നത്. ഇതോടു ചേർന്നു തന്നെയുള്ള ലാലു ഭവനത്തിൽ സംകുട്ടിയുടെ അവസ്ഥയും നരകതുല്യം തന്നെ. നാല് തൂണുകൾ കുഴിച്ചിട്ട് ആസ്ബറ്റൊസ് ഷീറ്റ് കൊണ്ട് മാടത്തിന്റെ നാല് ചുറ്റും മറയുണ്ടാക്കി.
ടാർപോളിൻ വലിച്ചു കെട്ടി മേൽക്കൂരയും കെട്ടി. ഏത് സമയവും തകർന്നു വീഴാവുന്ന കൂരക്കുള്ളിൽ ജീവിതം തള്ളി നീക്കുകയാണ് കാൻസർ രോഗി കൂടിയായ സാം കുട്ടി. ആനുകൂല്യങ്ങൾക്ക് വേണ്ടി നിരവധി തവണ അപേക്ഷ നൽകി. കാത്തിരിപ്പ് മാത്രമാണ് ഫലം. പഞ്ചായത്തിൽ വീടിനും, കട്ടിലിനും, കിണറിനുമൊക്കെ അപേക്ഷ നൽകി. കിടന്നുറങ്ങാൻ ഒരു കട്ടിലു പോലും തന്നില്ല. അറുപത്തിരണ്ടുകാരനായ സാംകുട്ടിയും ഇങ്ങനെ ദാരിദ്ര്യത്തോട് മല്ലടിക്കുകയാണ്.
അർഹതയുണ്ടായിട്ടും സാം കുട്ടിക്ക് വേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കിയെന്ന് ആശാവർക്കർ കുറ്റപ്പെടുത്തി. ഭക്ഷണം, പാർപ്പിടം, ആരോഗ്യപരിരക്ഷ തുടങ്ങി ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങൾ പോലും താങ്ങാനാവാതെ ഇതുപോലെ നിരവധിപേർ സമൂഹത്തിൽ കഴിയുമ്പോൾ, സർക്കാറിന് എങ്ങനെയാണ് കേരളത്തെ അതി ദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കാൻ കഴിയുന്നതെന്ന ചോദ്യം ബാക്കിയാവുകയാണ്.


