കൊട്ടിഘോഷിച്ച് എഫ്.ഡി.ആര് ടെക്നോളജി; നടുവൊടിഞ്ഞ് യാത്രക്കാർ
text_fieldsഎഫ്.ഡി.ആര് പാതകളുടെ നിര്‍മാണത്തിനായി വാഹനങ്ങള്‍ കൊല്ലത്ത് എത്തിക്കുന്നു (ഫയല്‍ ചിത്രം)
പത്തനാപുരം: സംസ്ഥാനത്തെ ആദ്യത്തെ ഫുൾ ഡെപ്ത് റെക്ലമേഷൻ (എഫ്.ഡി.ആര്) പാത എന്ന് കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന പദ്ധതി യാത്രക്കാരുടെ നടുവൊടിക്കുന്ന ചളിക്കുണ്ടായി. പത്തനാപുരം മണ്ഡലത്തിലെ കിഫ്ബി പദ്ധതികളായ ഏനാത്ത്-പത്തനാപുരം, പള്ളിമുക്ക്-കമുകുംചേരി-മുക്കടവ്, പള്ളിമുക്ക്-പുന്നല-അലിമുക്ക് റോഡുകളും പാറശ്ശാല മണ്ഡലത്തിലെ ചൂണ്ടിക്കൽ-ശൂരവക്കാണി റോഡ് പദ്ധതികളുമാണ് കമ്പനി ഏറ്റെടുത്തിരിക്കുന്നത്.
കേരളത്തിൽ ഈ സാങ്കേതികവിദ്യയിൽ ആദ്യമായാണ് നിർമാണപ്രവർത്തനം ആരംഭിച്ചത്. ഉത്തരേന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ.എസ്.ആർ കമ്പനിക്കായിരുന്നു നിർമാണചുമതല. 200 കോടി ആയിരുന്നു കിഫ്ബി കരാര്‍. 32 ഫ്ലാറ്റ് വാഗണിലായി ജെ.സി.ബി, ജനറേറ്റർ, ബൊലെറോ, ടിപ്പറുകൾ എന്നിവ ഉൾപ്പെടെ 60 ഓളം വാഹനങ്ങളാണ് റോഡ് നിർമാണത്തിന് എത്തിച്ചത്. ഫുൾ ഡെപ്ത് റെക്ലമേഷൻ വഴി നിലവിലുള്ള റോഡ് ഇളക്കി മറിച്ചെടുത്ത് പുതിയ റോഡുനിർമാണത്തിന് ഉപയോഗിക്കും. ഏറ്റവും ഹരിതസൗഹൃദ നിർമാണരീതി, ചെലവുകുറവ് എന്നിവയായിരുന്നു പദ്ധതിയുടെ ഗുണങ്ങൾ. മറ്റ് റോഡുകളെക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നതും എഫ്.ഡി.ആർ സാങ്കേതിക വിദ്യയുടെ മേന്മയായി ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിലെ റോഡ് യന്ത്രസഹായത്തോടെ പൊളിച്ചുതരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാത്സ്യം ക്ലോറൈഡ് അടക്കം രാസപദാർഥങ്ങളും കലർത്തി മിശ്രിതമാക്കി പുതിയ റോഡ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് സാങ്കേതികവിദ്യ. ഇതിനിടയില്‍ വെള്ള നിറത്തിലുള്ള ഷീറ്റ് വിരിച്ച് അതിന് മുകളിലാണ് അവസാനഘട്ട നിര്‍മാണം. മെറ്റൽ, രാസപദാർഥങ്ങൾ ചേർത്ത് തയാറാക്കിയ മിശ്രിതം എന്നിവയുടെ നാല് അടുക്കുകളായിട്ടാണ് റോഡ് നിർമിക്കുന്നത്. റോഡ് നിർമാണത്തിൽ ഉണ്ടാകുന്ന മാലിന്യപ്രശ്നവും ഭീമമായ ചെലവും കുറക്കാനും സാധിക്കുമെന്നായിരുന്നു വാഗ്ദാനം.
എനാത്ത്-മഞ്ചള്ളൂര്‍ -പള്ളിമുക്ക് പാത
2023 ആദ്യം ആരംഭിച്ച ഏനാത്ത് റോഡിന്റെ നവീകരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നിന്നാരംഭിച്ച് മഞ്ചള്ളൂര്‍, കുണ്ടയം, കടുവാത്തോട് വഴി എനാത്ത് എം.സി റോഡിലാണ് പാത അവസാനിക്കുന്നത്. മെതുകുമ്മേൽ, കളമല എന്നിവിടങ്ങളിൽ കലുങ്കുനിർമാണവും ടാറിങ്ങും പൂർത്തിയായില്ല. ടാറിങ് നടത്താത്ത ഭാഗത്ത് റോഡിൽ കുഴികൾ നിറഞ്ഞു. മഴക്കാലമായതോടെ ചളി നിറഞ്ഞ് റോഡ് സഞ്ചാരയോഗ്യമല്ലാതായി. പത്തനാപുരം, പട്ടാഴി വടക്കേക്കര, ഏഴംകുളം പഞ്ചായത്തുകളെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
തകർന്നുകിടന്ന പാത കടുത്ത പ്രതിഷേധത്തെ തുടർന്ന് ആദ്യം 17 ലക്ഷം രൂപ മുടക്കി കുഴിയടച്ച് ഗതാഗതയോഗ്യമാക്കി. അതിനുപിന്നാലെയാണ് കിഫ്ബിയിൽനിന്ന് തുക ചെലവഴിച്ച് പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരണം തുടങ്ങിയത്. മഴക്കാലമായതോടെ ചളിക്കുളമായ റോഡിൽ ദുരിതയാത്രയാണ്. മെതുകുംമേല്‍ മുതല്‍ എനാത്ത് വരെയുള്ള ഒന്നാം റീച്ചിന്റെ ടാറിങ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ യന്ത്രസാമഗ്രികള്‍ അടക്കം കരാര്‍ കമ്പനി എടുത്തുകൊണ്ടുപോയി. ടാറിങ് ഇളക്കിമാറ്റിയിരിക്കുന്നതിനാല് പൊടിയും ചളിയും നിറഞ്ഞ് യാത്ര എറെ ബുദ്ധിമുട്ടിലാണ്.
പള്ളിമുക്ക്-പുന്നല -അലിമുക്ക് പാത
പത്തനാപുരം-പുന്നല-കറവൂർ-അലിമുക്ക് റോഡിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. ആദ്യ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ പുന്നല റോഡും കരാര്‍ കമ്പനി പൊളിച്ചു. രണ്ട് വർഷത്തോളമായിട്ടും പാത റോഡാണോ തോടാണോ എന്നാണ് സംശയം. കലുങ്കിനും ഓടക്കുമെടുത്ത കുഴികളെല്ലാം അതേപോലെ കിടക്കുന്നു. മെറ്റൽ ഇട്ട് ഉറപ്പിച്ച റോഡാകട്ടെ കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും അസാധ്യമായി.
ടാക്സി വിളിച്ചാൽ പോലും വരില്ലെന്നാണ് നാട്ടുകാരുടെ പരാതി. സ്വന്തം വാഹനമുള്ളവരിൽ പലരും പത്തനാപുരം ടൗണിൽ എവിടെയെങ്കിലും പാർക്ക് ചെയ്ത ശേഷം ബസിലാണ് പുന്നല, കറവൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതത്രെ. തകർന്നുതരിപ്പണമായ പത്തനാപുരം-ഏനാത്ത് റോഡ് പോലെ പാതിവഴിയിൽ ഉപേക്ഷിക്കാനാണ് പദ്ധതിയെങ്കിൽ ഈ റോഡ് പൊളിക്കരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കണ്ണങ്കരഭാഗത്ത് തോട് ഒഴുകുന്നത് റോഡിലൂടെയാണ്.
പടയണിപാറയില് കലുങ്കിനായി റോഡിന് കുറുകെ കുഴിയെടുത്തതോടെ ഗതാഗതവും മുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തോടെ എടുത്ത കുഴി അതുപോലെ മണ്ണിട്ട് നികത്തി. ഇവിടെയും നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു കരാറുകാരൻ. ഉദ്യോഗസ്ഥർ ഇടപെട്ട് കരാറുകാരനെ തിരികയെത്തിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി, റോഡ് വശത്തെ ഐറിഷ് കോൺക്രീറ്റ് പോലെ ചെറിയ ജോലികൾ ദിവസവും നടത്തിവരുന്നുണ്ട്.
പള്ളിമുക്ക്-കമുകുംചേരി -മുക്കടവ് പാത
വിവാദങ്ങളും പ്രതിഷേധങ്ങളും നിലനില്ക്കുമ്പോള്തന്നെ മണ്ഡലത്തിലെ മൂന്നാമത്തെ പാതയുടെ നിര്‍മാണവും ആരംഭിച്ചുകഴിഞ്ഞു. പുനലൂര്‍ പൊന്‍കുന്നം പാതയിലെ മുക്കടവില്നിന്ന് തുടങ്ങി കല്ലടയാറിന്റെ തീരത്തിലൂടെ കമുകുംചേരി വഴി പള്ളിമുക്കില്‍ അവസാനിക്കുന്നതാണ് ഈ പാത. ഓടകളുടെയും കലുങ്കിന്റെയും നിര്‍മാണമാണ് ആരംഭിച്ചത്. കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്ക്, റബര്‍ പാര്‍ക്ക്, കുരിയോട്ടുമല ബഫല്ലോ ഫാം, പത്തനാപുരം-പിറവന്തൂര്‍ ശുദ്ധജലവിതരണപദ്ധതി എന്നിവ ഈ പാതയുടെ വശങ്ങളിലാണ്. നിര്‍മാണം അനന്തമായി നീണ്ടാല്‍ ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനങ്ങളെ ബാധിക്കും.