അനധികൃത പാർക്കിങ്; പത്തനാപുരം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsപത്തനാപുരം ടൗണിലെ ഗതാഗതക്കുരുക്ക്
പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ റോഡിൽ പത്തനാപുരം നെടുംപറമ്പ് മുതൽ കല്ലുംകടവ് വരെ ഗതാഗതക്കുരുക്ക് രൂക്ഷയി. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് കുരുക്കിന് പ്രധാനകാരണം. പരിഹാരം കാണാൻ പഞ്ചായത്ത് നടപ്പിലാക്കിയ കാനചിറ ഏല വണ്‍വേ റോഡ് ഗതാഗതം ഫലം കണ്ടതുമില്ല.
പത്തനാപുരം ടൗണിൽ ദിവസവും ഗതാഗതക്കുരുക്കാണ്. വൈകുന്നേരങ്ങളിലാണ് കല്ലുംകടവ് മുതൽ നെടുംപറമ്പ് വരെയുള്ള ഭാഗത്ത് വാഹനങ്ങൾ കുടുങ്ങുന്നത്. പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ പത്തനാപുരം ടൗൺ ഉൾപ്പെടുന്ന ഭാഗത്ത് റോഡിന് പൊതുവെ വീതി കുറഞ്ഞതും, ഇരുവശങ്ങളിലുമായി വലുതും ചെറുതുമായ വാഹനങ്ങൾ അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നതും വാഹനയാത്രക്ക് തടസ്സമാകുന്നു.
പത്തനാപുരം ടൗണിൽ അടൂരിലേക്കും, പത്തനംതിട്ടയിലേക്കും പോകുന്ന സ്വകാര്യ ബസുകൾ ഏറെനേരം നിർത്തിയിടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. താരതമ്യേന വീതികുറഞ്ഞ ഈ ഭാഗത്ത് റോഡിന്റെ മധ്യത്തിലായി ഡിവൈഡർ സ്ഥാപിച്ചിരിക്കുന്നത് മൂലം ഒരുഭാഗത്തു കൂടി കഷ്ടിച്ച് മാത്രമേ വാഹങ്ങൾക്ക് കടന്നുപോകാൻ കഴിയു. ഏറെ നേരം ഇവിടെ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്ന് നേരത്തെ മന്ത്രി ഗണേഷ്കുമാർ പൊലീസിന് നിർദേശം നൽകിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ല.
കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റാൻഡിൽ നിന്ന് ഇറങ്ങിവരുന്ന സമയം നോക്കി അതിന് മുമ്പേ പായുകയാണ് സ്വകാര്യ ബസുകളുടെ ലക്ഷ്യം. ടൗണിലെ അനധികൃത പാർക്കിങ് ഒഴിവാക്കിയാൽ ഒരു പരിധിവരെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ കഴിയും. പത്തനാപുരം-കുന്നിക്കോട് റോഡിൽ അനധികൃത പാർക്കിങ് ഇല്ലാത്തതു കാരണം ഗതാഗത കുരുക്കില്ല. വൈകുന്നേരങ്ങളിൽ ഒരു ട്രാഫിക് പൊലീസിനെ ഡ്യൂട്ടിക്ക് ഇട്ടാൽ ഒരു വിധം ഗതാഗത കുരുക്ക് പരിഹരിക്കാനാകും.