കാപ്പ കേസ് പ്രതി ഹാഷിഷ് ഓയിലുമായി പിടിയിൽ
text_fieldsഉമേഷ് കൃഷ്ണ
പത്തനാപുരം: കാപ്പ കേസിലെ പ്രതിയെ 208 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് അറസ്റ്റ് ചെയ്തു. പത്തനാപുരം എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷിജിനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. പത്തനാപുരം-തേവലക്കര ഭാഗത്ത് നടത്തിയ പരിശോധനയിൽ 208.52 ഗ്രാം ഹാഷിഷ് ഓയിൽ കൈവശം വെച്ച കുറ്റത്തിന് കാപ്പ കേസിൽ പ്രതിയായ അടൂർ ഏനാദിമംഗലം കുന്നിടമുറിയിൽ ഉഷഭവനത്തിൽ ഉമേഷ് കൃഷ്ണയെ (38) ആണ് അറസ്റ്റ് ചെയ്തത്. ഉമേഷ് കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന അടൂർ ഏഴംകുളം നെടുമൺ ദേശത്ത് പാറവിള വീട്ടിൽ വിനീത് ഓടി രക്ഷപ്പെട്ടു.
ഇരുവരെയും ഒന്നും, രണ്ടും പ്രതികളാക്കി എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് കേസെടുത്തു. ഓപറേഷൻ റെഡ് സോണിന്റെ ഭാഗമായി പത്തനാപുരം എക്സൈസ് റെയിഞ്ച് ടീമും, കൊല്ലം എക്സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു ഹാഷിഷ് ഓയിൽ പിടികൂടിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. കഞ്ചാവ് കേസുകളിലെ പ്രതിയായിരുന്ന ഉമേഷ് കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, വി.അനിൽ, വൈ. സന്തോഷ് വർഗീസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഗോപൻ മുരളി, റോബി സി.എം. അരുൺ ബാബു, കിരൺകുമാർ, വിനീഷ് വിശ്വനാഥ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.


