പ്രഖ്യാപനങ്ങൾ ബാക്കി ബാധ്യതയായി പത്തനാപുരം ടൗണ്‍ സെന്റര്‍ മാള്‍
text_fieldsപത്തനാപുരം ടൗണ്‍ സെന്റര്‍ മാള്‍
പത്തനാപുരം: കോടികൾ ചെലവഴിച്ച പഞ്ചായത്തിന്റെ ബൃഹദ് പദ്ധതി പാതിവഴിയില്‍ കിതക്കുന്നു. പട്ടണത്തിന്റെ മുഖച്ഛായ മാറ്റുന്ന ടൗണ്‍ സെൻറർ മാൾ ഉദ്ഘാടനം ചെയ്ത് നാലുവർഷം പിന്നിടുമ്പോഴും ഒരു വ്യാപാരസ്ഥാപനം പോലും ആരംഭിക്കാനായിട്ടില്ല.വായ്പയിനത്തിൽ ഭീമമായ തുകയാണ് പഞ്ചായത്ത് തിരിച്ചടക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന മലയോരപഞ്ചായത്തായ പത്തനാപുരത്തെ നിരവധി ജനോപകാരപ്രദമായ പദ്ധതികളും പ്രവൃത്തികളും നിർത്തിവെച്ചാണ് ഭീമമായ തുക വായ്പ അടക്കുന്നത്.
2018 ജൂൺ 26 നാണ് പത്തനാപുരം നഗരത്തിൽ ടൗൺ മാളിനായി തറക്കല്ലിട്ടത്. നിർമാണത്തിനായി പഴയ ഷോപ്പിങ് കോംപ്ലക്സ് പൂർണമായും പൊളിച്ചുമാറ്റി. പൊതു മാർക്കറ്റ് കൂടി ഏറ്റെടുത്താണ് മാൾ വിഭാവനം ചെയ്തത്. രണ്ട് ഏക്കറോളം ഭൂമി നിർമാണത്തിനുപയോഗിച്ചു. 2020 നവംബര്‍ ഒന്നിനായിരുന്നു ഉദ്ഘാടനം.
നഗരത്തിലെ അനധികൃത പാര്‍ക്കിങ് പരിഹരിക്കാൻ താഴത്തെ നിലയില്‍ വിപുലമായ പാര്‍ക്കിങ് സംവിധാനത്തിനും പദ്ധതിയിട്ടിരുന്നു. അഗ്നിശമനസംവിധാനം, വെള്ളം, വൈദ്യുതി, മാലിന്യസംസ്കരണസംവിധാനം എന്നിവ പഞ്ചായത്ത് ഒരുക്കി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനുപുറമെ നാനൂറിലധികം പേര്‍ക്ക് തൊഴില്‍സാധ്യതയും കണക്കുകൂട്ടിയിരുന്നു. കോവിഡിനെ തുടര്‍ന്ന് കുറച്ച് നാള് നിര്‍മാണം നിര്‍ത്തിവെക്കേണ്ടി വന്നു. തുടർന്ന് ഫണ്ട് ലഭ്യതയിലെ കാലതാമസം കാരണം എറെനാൾ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു.
അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ജീവിതമാർഗമായിരുന്ന പത്തനാപുരം മാർക്കറ്റ് ഒഴിപ്പിച്ചാണ് മാളിന്റെ നിർമാണം ആരംഭിച്ചത്. മാര്‍ക്കറ്റിലും പഴയ കോംപ്ലക്സിലും ഉണ്ടായിരുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാൻ ഒരു പാക്കേജ് പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
പാഴാകുന്നത് കോടികളുടെ പദ്ധതി
26 കോടി രൂപ ചെലവഴിച്ച് അഞ്ച് നിലകളോട് കൂടിയ കെട്ടിടമാണ് ഉദ്ദേശിച്ചത്. 1.5 ലക്ഷം സ്ക്വയര്‍ ഫീറ്റായിരുന്നു ആകെ വിസ്തൃതി. 26,31,14322 രൂപയാണ് വിനിയോഗിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 8,06,57395 രൂപ കൂടി വേണ്ടി വരും. പലിശയിനത്തില്‍ മാത്രം 22,03,726 രൂപയാണ് പ്രതിമാസം പഞ്ചായത്ത് തിരിച്ചടക്കുന്നത്. പൂര്‍ണമായ തുക അടക്കാന്‍ ആരംഭിക്കുന്നതോടെ ഇത് 50 ലക്ഷത്തിന് മുകളിലെത്തും. 2025 മാര്‍ച്ച് ഇരുപതിന് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നിലവിലെ പ്രഖ്യാപനം.
േലല കരാർ ഉപേക്ഷിച്ച് വ്യാപാരികൾ
കടകള്‍ ലേലത്തിനെടുത്ത 65 പേരില്‍ അമ്പതോളം വ്യാപാരികള്‍ അത് ഉപേക്ഷിച്ചു. ലേലം കഴിഞ്ഞ് മൂന്നുവര്‍ഷം ആയിട്ടും ഒരു സ്ഥാപനം പോലും പ്രവർത്തനമാരംഭിച്ചിട്ടില്ല. ഉദ്ഘാടനശേഷം വ്യാപാരികൾക്ക് ലേലം ഉറപ്പിച്ച് സ്ഥലം നൽകിയിരുന്നു. നിരതദ്രവ്യമായി ഒരു ലക്ഷം രൂപ വാങ്ങിയായിരുന്നു ഇത്. അഞ്ച് ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നൽകി സ്ഥലം ഏറ്റെടുത്തവരുണ്ട്. ഇതിനുപുറമേ 18 ശതമാനം ജി.എസ്.ടി കൂടിയായപ്പോൾ ഭീമമായ തുകയാണ് ഓരോ വ്യാപാരികളും പഞ്ചായത്തിന് നൽകിയത്.
പൂർണമായും പ്രവർത്തനസജ്ജമാകുമ്പോള്‍ സർവിസ് ചാർജും സെക്യൂരിറ്റിയും ക്ലീനിങ് ചാർജ് വാടകയും അടക്കം വീണ്ടും വ്യാപാരി വൻ തുക നൽകേണ്ടിവരും. വ്യവസ്ഥകൾക്ക് തയാറായി നൂറിലധികം ആളുകളാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. ഇതിൽ 65 പേർ സൗകര്യപ്രദമായ സ്ഥലങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. മൂന്ന് മാസത്തിനകം സ്ഥലം നൽകാമെന്ന് പഞ്ചായത്ത് ഉറപ്പുനൽകി. പത്തനാപുരം, കുന്നിക്കോട്, കലഞ്ഞൂർ ഭാഗങ്ങളിലുള്ളവരാണ് കൂടുതലും സ്ഥലങ്ങൾ ഏറ്റെടുത്തത്.
വിരലിലെണ്ണാവുന്നവരാണ് നിലവിൽ കടകൾ ആവശ്യപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവർ പഞ്ചായത്തിൽ കെട്ടിവെച്ച തുക തിരികെ വാങ്ങി. 2021 ജനുവരിയില്‍ പൂര്‍ണതോതില്‍ വ്യാപാരികള്‍ക്ക് ഉപയോഗപ്രദമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വന്‍കിട കമ്പനികളും തിയറ്ററുകളും എത്തുമെന്നുപറഞ്ഞാണ് പഞ്ചായത്ത് ചെറുകിടവ്യാപാരികളെക്കൊണ്ട് കടകള്‍ എടുപ്പിച്ചത്.
അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും കരാര്‍ ഉറപ്പിച്ച എല്ലാ സ്ഥാപനങ്ങൾക്കും സൗകര്യം ഒരുക്കുമെന്നും ഭരണപക്ഷം പറയുന്നു. വാർഡുകളിൽ വികസനം നടത്തേണ്ട പശ്ചാത്തലമേഖലയിലെ പണം മുഴുവൻ വകമാറ്റുകയാണെന്നും വാർഡുകളിലെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് കിട്ടുന്നില്ലെന്നുമാണ് പ്രതിപക്ഷ ആരോപണം.