വന്മളയിൽ പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; മുഖം തിരിച്ച് അധികൃതർ
text_fieldsപ്രതീകാത്മക ചിത്രം
പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ വന്മളയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. വിവരം അധികൃതരെ അറിയിച്ചിട്ടും നടപടി കൈകൊള്ളാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇവിടെ കാട്ടുപന്നികൾ ചത്തൊടുങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. വനം ഭൂമിയിലും, സ്വകാര്യ ഭൂമികളിലും ഒന്നുമുതൽ അഞ്ചു വരെ പന്നികൾ ദിവസേന ചാവുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കൂട്ടത്തോടെ പന്നികൾ ചാവുന്നതിന്റെ കാരണം കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പൊ, ആരോഗ്യവകുപ്പോ, പഞ്ചായത്ത് അധികൃതരോ ഇനിയും തയാറായിട്ടില്ല. സ്വകാര്യ ഭൂമികളിൽ ചത്തു കിടക്കുന്ന പന്നികളെ ഭൂവുടമകൾ കുഴിച്ചിടുന്നുണ്ടെങ്കിലും, വന ഭൂമിയിൽ ചത്തു വീഴുന്ന പന്നികളെ കുഴിച്ചിടാൻ വനം വകുപ്പ് വൈമനസ്യം കാട്ടുന്നതായും നാട്ടുകാർ പറയുന്നു.
ഇത് മൂലം ചത്തൊടുങ്ങുന്ന പന്നികളുടെ ശരീരം അഴുകി രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ മൂക്ക് പൊത്താതെ ഇവിടുത്തുകാർക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പലവിധ സാംക്രമിക രോഗങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്. പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന്റെ കാരണമറിയാതെ നാട്ടുകാരും ആശങ്കയിലാണ്.


