ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ പൊലീസ് മടിച്ചു: നീണ്ട പോരാട്ടത്തിനൊടുവിൽ ഹബീറക്ക് നീതി
text_fieldsനിയ ഫൈസൽ
പത്തനാപുരം: ‘പൊലീസ് ഉദ്യോഗസ്ഥരോട് ഒരുപാട് കരഞ്ഞുപറഞ്ഞു. ഓരോ കാരണം പറഞ്ഞ് അവരൊക്കെ ഒഴിഞ്ഞുമാറി, ഒടുവിലാണ് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്റെ മോൾക്ക് നീതി കിട്ടും, കോടതിയിൽ വിശ്വാസമുണ്ട്’ -സ്വന്തം മകളുടെ മരണത്തിൽ നീതിതേടിയുള്ള യാത്രയുടെ ആദ്യഘട്ടം കടന്നതറിഞ്ഞ് ഇടറിയ വാക്കുകളോടെ ഹബീറ ‘മാധ്യമ’ ത്തോട് പ്രതികരിച്ചു. ആന്റി റാബീസ് വാക്സിൻ നൽകിയിട്ടും പേവിഷബാധയേറ്റ് മരിച്ച മകൾ നിയ ഫൈസലിന് ശരിയായ ചികിത്സ കിട്ടിയില്ലെന്ന മാതാവിന്റെ പരാതിയിൽ ഒടുവിൽ പൊലീസിന് എഫ്.ഐ.ആർ എടുക്കേണ്ടി വന്നതാണ് ആ മാതാവിനെ സംബന്ധിച്ച് സുപ്രധാന കടമ്പയായി മാറിയത്.
2025 ഏപ്രിൽ എട്ടിനായിരുന്നു കുന്നിക്കോട് ശാസ്ത്രി ജങ്ഷൻ ജാസ്മിൻ മൻസിലിൽ നിയ ഫൈസലി(8)നെ തെരുവുനായയുടെ കടിയേറ്റ് ചികിത്സക്കായി പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ചത്. അന്നേദിവസം 1.20ന് ടെസ്റ്റ് ഡോസ് കുത്തിവെപ്പും, 2.20ന് ഫുൾ ഡോസ് ഇൻജക്ഷനും നൽകി.
എന്നാൽ, വിഷബാധയേറ്റ് ആ കുരുന്ന് ജീവൻ വൈകാതെ പൊലിഞ്ഞു. മകൾക്ക് കുത്തിവെപ്പ് എടുത്തതിലെ പാകപ്പിഴ അന്ന് തന്നെ ഹബീറ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കുത്തിവെപ്പെടുത്തതിൽ അപാകത ഇല്ലെന്ന് അന്ന് ആരോഗ്യമന്ത്രിയും പ്രതികരിച്ചിരുന്നു.
എന്നാൽ തന്റെ വാദം മുറുകെപ്പിടിച്ച് മകൾ നഷ്ടപ്പെട്ട വേദനയിലും ഹബീറ നീതിക്ക് വേണ്ടി പോരാടി. ആദ്യം ആശുപത്രിയിൽനിന്ന് വിവരാവകാശ നിയമ പ്രകാരം കാര്യങ്ങൾ തിരക്കിയെങ്കിലും വിചിത്ര മറുപടിയുമായി അധികൃതർ തടിതപ്പി. തുടർന്ന് ആശുപത്രിയിലെ സൂപ്രണ്ടിനും, മൂന്ന് ഡോക്ടർമാർക്കുമെതിരെ കഴിഞ്ഞ ഒക്ടോബറിൽ ഹബീറ പുനലൂർ പൊലീസിൽ പരാതി നൽകി.
പല കാരണങ്ങൾ പറഞ്ഞ് പൊലീസും പരാതി തട്ടിനീക്കി. നീതിയുടെ വാതിൽ കൊട്ടിയടക്കപ്പെട്ടുവെന്ന തോന്നലുണ്ടായെങ്കിലും, ഹബീറ തളർന്നില്ല. അഭിഭാഷകൻ മുഖേന കോടതിയെ സമീപിച്ചു. ഒടുവിൽ കോടതി നിർദേശപ്രകാരം ഡോക്ടർമാർക്കും സൂപ്രണ്ടിനുമെതിരെ പൊലീസിന് ഇപ്പോൾ കേസെടുക്കേണ്ടിവന്നു. ഇനിയെങ്കിലും മകൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയാണ് അവർ പങ്കുവെക്കുന്നത്. ദൈവത്തിന് നിറകണ്ണുകളോടെ ഹബീറ നന്ദി പറയുമ്പോൾ മകളുടെ ഓർമകളും ജാസ്മിൻ മൻസിലിൽ നിറയുന്നു.


