പൊരുന്തക്കുഴി നിവാസികൾക്ക് ആശ്വാസം; പുലികളിലൊന്ന് പിടിയിൽ
text_fieldsചിതൽവെട്ടി പൊരുന്തക്കുഴി വെട്ടിഅയ്യം മേഖലയില്‍ കൂട്ടിലകപ്പെട്ട പുലി
പത്തനാപുരം: സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി കശുവണ്ടി എസ്റ്റേറ്റിനുള്ളില്‍ കണ്ട പുലികളിലൊന്ന് കൂട്ടിലകപ്പെട്ടു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെയാണ് പുലി അകപ്പെട്ടത്. ഏകദേശം അഞ്ചു വയസ്സ് പ്രായമുണ്ട്. സ്റ്റേറ്റ് ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി പൊരുന്തക്കുഴി വെട്ടിഅയ്യം കശുവണ്ടി എസ്റ്റേറ്റിനുള്ളിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞമാസം നാട്ടുകാർ ഇവിടെ പുലിക്കൂട്ടങ്ങളെ കണ്ടിരുന്നു. കുറച്ച് അകലെയായുള്ള പാറക്കെട്ടുകൾക്ക് സമീപത്ത് നാട്ടുകാര്‍ പുലിക്കൂട്ടത്തെ കാണുകയായിരുന്നു. രണ്ട് പുലികളാണ് ഉണ്ടായിരുന്നതെന്ന് വനംവകുപ്പ് പറയുന്നുണ്ട്. ഇവിടെ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയായിട്ടാണ് വനമേഖലയുള്ളത്. ഒരു കിലോമീറ്റർ അകലെയാണ് ജനവാസ മേഖല. മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പട്രോളിങ് തുടരുന്നുണ്ട്. രണ്ട് വലിയ പുലികളും കുഞ്ഞുങ്ങളുമായി അഞ്ച് പുലികളെയാണ് കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. തുടർന്ന് ആദ്യം ചിതൽവെട്ടി മേഖലയിൽ പുലി സാന്നിധ്യം തിരിച്ചറിയാൻ വനംവകുപ്പ് നീരിക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു.
ചിതൽവെട്ടി വെട്ടിഅയ്യം മേഖലയിൽ മൂന്ന് കാമറകളാണ് പത്തനാപുരം റെയ്ഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ദൃശ്യങ്ങളിൽ പുലി സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഒരാഴ്ച മുമ്പ് പുലിക്കൂട് സ്ഥാപിക്കുകയായിരുന്നു. ഇതിലാണ് പുലി കുടുങ്ങിയത്. ആവശ്യമെങ്കിൽ ഇതേ സ്ഥലത്ത് വീണ്ടും പുലിയെ പിടിക്കാൻ കൂട് വെക്കുമെന്ന് പുനലൂർ ഡി.എഫ്.ഒ എസ്. ജയശങ്കർ പറഞ്ഞു. പിടിയിലായത് അഞ്ചുവയസ്സായ പെൺപുലിയാണന്നും പുലി ആരോഗ്യവതിയെന്നും ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോക്ടർ സിബിയും പറഞ്ഞു. പുലിയെ പിന്നീട് റാന്നി ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട കക്കി വനമേഖലയിൽ തുറന്നുവിട്ടു.