ഷെൽട്ടർ ഹൗസ് നിർമാണം പാതിവഴിയിൽ; തെരുവ് നായ്ക്കൾ വിഹരിക്കുന്നു
text_fieldsറോഡിലെ തെരുവ് നായ്ക്കൂട്ടം
പത്തനാപുരം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ തെരുവ്നായ് ശല്യം രൂക്ഷമായിട്ടും ജില്ല പഞ്ചായത്ത് വക ഷെൽട്ടർ ഹൗസ് നിർമാണം എങ്ങുമെത്തിയില്ല. രണ്ട് ഘട്ടങ്ങളിലായി ഏകദേശം 90 ലക്ഷം രൂപ വകയിരുത്തിയാണ് ഷെൽട്ടർ ഹൗസ് നിർമാണം ആരംഭിച്ചത്. ഒന്നര വർഷം മുമ്പ് ആരംഭിച്ച നിർമാണം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ കുരിയോട്ട് മലയിൽ നടക്കുന്ന ഷെൽട്ടർ ഹൗസ് നിർമാണം ജില്ല പഞ്ചായത്തിന്റെ നിലവിലെ കാലയളവിൽ പൂർത്തിയാകുമോ എന്നാണ് സംശയം.
തെരുവുകളിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി ഷെൽട്ടർ ഹൗസിൽ പാർപ്പിക്കുകയാണ് ലക്ഷ്യം. ഷെൽട്ടർ ഹൗസ് നിർമാണം തുടങ്ങിയതോടെ തെരുവ് നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതും ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. തെരുവ് നായ്ക്കളിൽ പേയിളകുന്നതും നാട്ടുകാരിൽ ഭീതി പടർത്തുന്നുണ്ട്. ഷെൽട്ടർ ഹൗസിനോടനുബന്ധിച്ചുള്ള എ.ബി.സി പദ്ധതിക്കായി ഗ്രാമ പഞ്ചായത്തുകളും ജില്ല പഞ്ചായത്തിന് ഫണ്ട് കൈമാറിയിട്ടുണ്ട്.ജില്ലയിലെ രണ്ടാമത്തെ ഷെൽട്ടർ ഹൗസാണ് കുരിയോട്ട് മലയിൽ നിർമാണം നടക്കുന്നത്.
ഗ്രാമങ്ങളിൽ തെരുവ്നായ ശല്യം രൂക്ഷമായിട്ടും ജില്ല പഞ്ചായത്ത് അധികൃതർ മൗനം തുടരുന്നതിനാലാണ് ഷെൽട്ടർ ഹൗസ് നിർമാണവും നീണ്ടുപോകുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയിൽ നൂറിൽ പരം ആളുകൾക്ക് തെരുവ് നായുടെ കടിയേറ്റെങ്കിലും ഷെൽട്ടർ ഹൗസ് നിർമാണം വേഗത്തിലാക്കി പ്രശ്ന പരിഹാരം കാണാൻ ജില്ല പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, പാതിവഴിയിലായ ഷെൽട്ടർ ഹൗസ് നിർമാണം പൂർത്തിയാക്കി ലക്ഷ്യംകൈവരിക്കാൻ കഴിയുമോയെന്ന് അധികൃതർക്കും വ്യക്തമായ ധാരണയില്ല. ഇങ്ങനെയെങ്കിൽ നാടുനീളെ തെരുവ് നായ്ക്കളുടെ കടികൊള്ളാനാകും ജനങ്ങളുടെ വിധിയും.