കനാൽ പുറമ്പോക്ക് നിവാസികളുടെ സ്വപ്നം ‘തുടരും’
text_fieldsപത്തനാപുരം : കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുമെന്ന കനാൽ പുറമ്പോക്ക് നിവാസികളുടെ സ്വപ്നം അനിശ്ചിതമായി നീളും. മെയ് 30-നകം പട്ടയ നടപടി പൂർത്തിയാക്കുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടപ്പിലായില്ല. കനാൽ പുറമ്പോക്ക് നിവാസികൾക്ക് പട്ടയം നൽകുന്നതിനായി നേരത്തെ റവന്യു, വനം, ജലസേചന വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തിയിരുന്നു.
ഏപ്രിൽ രണ്ടിലെ സർക്കാർ തീരുമാനത്തെ തുടർന്ന് നടത്തിയ സർവേയിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്നവരിൽ ഏറെയും വന ഭൂമിയിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തി. ഇതിൽ 16 കുടുംബങ്ങൾ മാത്രമാണ് കനാൽ പുറമ്പോക്കിൽ ഉള്ളത്. കെ. ഐ.പി കനാൽ കടന്നു പോകുന്ന പത്തനാപുരം താലൂക്കിലെ രണ്ട് പഞ്ചായത്തുകളിൽപെട്ട 795 കുടുംബങ്ങൾക്ക് പട്ടയം നൽകാനായിരുന്നു സർക്കാർ തീരുമാനം.
പിറവന്തൂർ വില്ലേജിൽ 254 കുടുംബങ്ങൾക്കും പുന്നല, പത്തനാപുരം വില്ലേജുകളിലായി യഥാക്രമം 363,178 കുടുംബങ്ങൾക്കും ഇത് പ്രയോജനം ചെയ്യുമായിരുന്നു. താമസിക്കുന്ന ഭൂമിക്ക് കൈവശാവകാശ രേഖ മാത്രം കൈമുതലായുള്ളവർ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനായി ഇനിയും എത്രനാൾ ജീവിതം തള്ളി നീക്കണമെന്നറിയാത്ത അവസ്ഥയിലാണ്.
കനാൽ പുറമ്പോക്ക് നിവാസികളെ കൂടാതെ വനം, ദേവസ്വം ഭൂമികളിൽ പതിറ്റാണ്ടുകളായി താമസിക്കുന്ന ആറായിരത്തോളം കുടുംബങ്ങളും പട്ടയം കാത്ത് കിടക്കുകയാണ്.