മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉദ്ഘാടകനെ മാറ്റി; കോൺഗ്രസിലെ പടല പിണക്കം പുറത്ത്
text_fieldsവിഷ്ണുനാഥിന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും ചിത്രങ്ങളുമായിറങ്ങിയ ബോർഡുകൾ
പത്തനാപുരം: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ നയിക്കുന്ന മഹിള സാഹസ് കേരളയാത്ര ജില്ലയിലേക്ക് പ്രവേശിക്കുന്നത് പടലപിണക്കങ്ങളുടെ അകമ്പടിയോടെ. ജില്ല അതിർത്തിയായ പത്തനാപുരം കല്ലുംകടവിൽ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് യാത്രക്ക് സ്വീകരണം നൽകുന്നത്.സ്വീകരണ യോഗം ഉദ്ഘാടനത്തിന് ആദ്യം നിശ്ചയിച്ചത് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥിനെയായിരുന്നു. ഇതിന്റെ ഫ്ലക്സ് ബോർഡുകൾ ആദ്യം ടൗണിലുടനീളവും സോഷ്യൽ മീഡിയയിലും പങ്കുവെക്കപ്പെട്ടു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിഷ്ണുനാഥിനെ മാറ്റി, കൊടിക്കുന്നിൽ സുരേഷ് എം.പിയെ ഉദ്ഘാടകനാക്കി. വിഷ്ണുനാഥിന്റെ ബോർഡുകൾ കല്ലുംകടവ് ഭാഗത്ത് നിന്നും നീക്കംചെയ്യുകയും ചെയ്തു.
ജില്ലയിൽ ഡി.സി.സി പ്രസിഡന്റിനെ മാറ്റുന്നതിനെചൊല്ലി പാർട്ടിക്കുള്ളിൽ ഉണ്ടായ പ്രശ്നങ്ങളാണ് പത്തനാപുരത്ത് ഉദ്ഘാടകനെ മാറ്റിയതിന് പിന്നിലെന്നാണ് പ്രവർത്തകർക്കിടയിലെ സംസാരം. നിലവിലെ ഡി.സി.സി പ്രസിഡന്റ്റിന് പകരം പി. ജർമ്മിയാസിന്റെ പേര് വിഷ്ണുനാഥ് കെ.പി.സി.സി.ക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. നിലവിലെ ഡി.സി.സി പ്രസിഡന്റിനെ മാറ്റരുതെന്ന് കൊടിക്കുന്നിൽ സുരേഷും വാദിച്ചിരുന്നു. എന്നാൽ നിയമസഭ സമിതി യോഗം ചേരുന്നതിനാലാണ് താൻ ഉദ്ഘാടന പരിപാടിയിൽനിന്നും മാറിയതെന്ന് വിഷ്ണുനാഥ് പറഞ്ഞു.