പുന്നല ജനവാസ മേഖലയിൽ വീണ്ടും കാട്ടാന
text_fieldsപുന്നല തച്ചക്കോട് നായിൻകരിമ്പ് ഭാഗത്ത് കാട്ടാനയെ കണ്ടപ്പോൾ
പത്തനാപുരം: പുന്നല ജനവാസ മേഖലയിൽ കാട്ടാന ഭീതി ഒഴിയുന്നില്ല. മാസങ്ങളുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ രാത്രി വീണ്ടും കാട്ടാനയിറങ്ങി തെങ്ങ് പിഴുതിട്ടു. പുന്നല തച്ചക്കോട് നായിൻകരിമ്പ് ഭാഗത്താണ് നാട്ടുകാർ കാട്ടാനയെ കണ്ടത്. ചാച്ചിപുന്ന ഷാജിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ പുരയിടത്തിൽ ഇറങ്ങിയ കാട്ടാന, അവിടെ ഉണ്ടായിരുന്ന ഒരു തെങ്ങ് പിഴുതിടുകയും ചെയ്തു.
നാട്ടുകാർ ലൈറ്റ് അടിച്ച് ബഹളം കൂട്ടിയെങ്കിലും, തെങ്ങോല മുഴുവനും തിന്നതിന് ശേഷമാണ് കാട്ടാന സ്ഥലം വിട്ടത്. നേരത്തെയും നിരവധി തവണ ഇവിടെ കാട്ടാനകൾ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് വനാതിർത്തികളിൽ കിടങ്ങുകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഇനിയും നടപടികൾ പൂർത്തിയായിട്ടില്ല.