വനിത ഡോക്ടറെ വായിൽ തുണി തിരുകിയശേഷം പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsസൽദാൻ
പത്തനാപുരം: വനിത ദന്ത ഡോക്ടറെ വായിൽ തുണിതിരുകി കയറ്റിയശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടയം സൽദാൻ മൻസിലിൽ സൽദാൻ ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. പത്തനാപുരം നഗരത്തോട് ചേർന്നുള്ള ദന്താശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം.
സംഭവത്തിൽ പൊലീസ് പറയുന്നത്: യുവ വനിത ഡോക്ടർ ആശുപത്രി അടയ്ക്കുന്നതിനിടെ, സൽദാൻ അകത്തേക്ക് ചാടിക്കയറുകയായിരുന്നു. ഈ സമയത്ത് ആശുപത്രിയിൽ മറ്റാരും ഉണ്ടായിരുന്നില്ല. വനിത ഡോക്ടർ ലൈറ്റ് ഓഫ് ചെയ്തശേഷം സി.സി ടി.വി കൂടി ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ ഓടിക്കയറിയ സൽദാൻ, ഡോക്ടറെ കടന്നുപിടിച്ച് ആദ്യം വായിൽ തുണി തിരുകി കയറ്റുകയായിരുന്നു.
തുടർന്ന് കൈയിൽ കരുതിയിരുന്ന ടേപ്പ് ഉപയോഗിച്ച് വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടർ കുതറിമാറി ബഹളം വെക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ രക്ഷപ്പെട്ട സൽദാനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.