ബസ് കാത്തുനിന്ന യുവാവിനെയും പിതാവിനെയും പൊലീസ് മര്‍ദിച്ചതായി പരാതി
text_fieldsപൊലീസ് മർദനത്തിൽ പരിക്കേറ്റ സെയ്ദും പിതാവ് നാസറും
കൊല്ലം: ചിന്നക്കടയിൽ ബസ് കാത്തുനിന്ന പിതാവിനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കെ.എസ്.യു ജില്ല സെക്രട്ടറിയും കരിക്കോട് സ്വദേശിയുമായ സെയ്ദിനെയും പിതാവ് കരിക്കോട് ഡിവിഷൻ കോണ്‍ഗ്രസ് പ്രസിഡന്റായ നാസറിനെയും കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എസ്.ഐ സുമേഷ് അടക്കമുള്ള പൊലീസുകാര്‍ മർദിച്ചതായാണ് പരാതി. പൊലീസുകാര്‍ മദ്യപിച്ചിരുന്നതായും ഇരുവരും ആരോപിച്ചു.
സെയ്ദും പിതാവ് നാസറും തിങ്കളാഴ്ച പുലര്‍ച്ച 4.30ന് കരിക്കോടേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. പുലര്‍ച്ച പാലരുവി എക്സ്പ്രസിന് വന്നിറങ്ങിയതായിരുന്നുവെന്നും വീട്ടിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് മര്‍ദനമെന്നും സെയ്ദ് പറഞ്ഞു.
സമീപത്തുണ്ടായിരുന്ന കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയതായിരുന്നു പൊലീസുകാർ. കടയുടെ സമീപത്തായി ബസ് കാത്തുനിന്ന സെയ്ദിനോടും പിതാവ് നാസറിനോടും മദ്യപിച്ചിട്ടാണോ നില്‍ക്കുന്നതെന്ന് ചോദിച്ച് പൊലീസ് ഊതാൻ ആവശ്യപ്പെട്ടു. മദ്യപിക്കാറില്ലെന്നും താൻ കോണ്‍ഗ്രസ് കരിക്കോട് ഡിവിഷൻ പ്രസിഡന്റാണെന്നും പറഞ്ഞതോടെ എസ്.ഐ പിതാവിനെ പിടിച്ചുതള്ളുകയായിരുന്നുവെന്ന് സെയ്ദ് പറഞ്ഞു.
പിതാവിനെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോള്‍ തന്നെയും മര്‍ദിച്ചുവെന്നും പറഞ്ഞു. സംഭവസ്ഥലത്തെ മർദനത്തിനുശേഷം സ്റ്റേഷനില്‍ കൊണ്ടുവന്ന് രണ്ടു പൊലീസുകാര്‍ ചേർന്ന് മര്‍ദിക്കുകയും ഷർട്ട് ഉൾപ്പെടെ വലിച്ചുകീറിയെന്നും സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എസ്.പി സ്ഥലത്തില്ലാത്തതില്‍ എ.സി.പിയുമായി ചര്‍ച്ച നടത്തിയെന്നും ഇതുവരെ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്കടക്കം വിധേയമാക്കിയിട്ടില്ലെന്നും കെ.എസ്.യു നേതാക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച വൈകുന്നേരത്തിനകം അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന ഉറപ്പാണ് എ.സി.പി പറഞ്ഞതെന്നും അല്ലാത്തപക്ഷം ചൊവ്വാഴ്ച സമരവുമായി മുന്നോട്ടുപോകുമെന്നും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കുൾപ്പെടെ പരാതി നൽകുമെന്നും കെ.എസ്.യു നേതാക്കള്‍ അറിയിച്ചു. രാത്രി പരിശോധനക്കിടെ പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാണ് എസ്.ഐയുടെ വിശദീകരണം. തനിക്കും മര്‍ദനമേറ്റെന്നും സുമേഷ് പറയുന്നു. സംഭവത്തില്‍ വകുപ്പ്തല അന്വേഷണം ആരംഭിച്ചു.
എസ്.ഐ സുമേഷിന് സസ്പെൻഷൻ
കൊല്ലം: പിതാവിനെയും യുവാവിനെയും മർദിച്ചെന്ന് പരാതിയുണ്ടായ സംഭവത്തിൽ എസ്.ഐ ടി. സുമേഷിന് സസ്പെൻഷൻ. സെയ്തിനെയും പിതാവ് നാസറിനെയും മർദിച്ചു എന്ന പരാതി കൂടാതെ ആശ്രാമം ലിങ്ക് റോഡിൽ നാല് ട്രാൻസ്ജെൻഡർമാരെ മർദിച്ചതായും എസ്.ഐക്കെതിരെ കമീഷണർക്കും കലക്ടർക്കും പരാതി ലഭിച്ചിരുന്നു. രാത്രി 12ഓടെ ലിങ്ക് റോഡിലെ സംഭവത്തിന് പിന്നാലെയാണ് പുലർച്ചെ ചിന്നക്കടയിൽ മർദനം ഉണ്ടായത്. കൂടാതെ ചിന്നക്കടയിൽ അന്യായമായി തട്ടുകടക്കാരനെ കസ്റ്റഡിയിൽ എടുത്തതായും പരാതി ഉയർന്നിരുന്നു.


