അധ്യാപനത്തോടൊപ്പം ഗവേഷണത്തിനും മുൻഗണന
text_fieldsശ്രീരംഗം ജയകുമാർ
അഞ്ചാലുംമൂട്: കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ മൂന്നു വർഷത്തെ ഗവേഷണ പരിചയവുമായാണ് ശ്രീരംഗം ജയകുമാർ അധ്യാപന മേഖലയിലെത്തുന്നത്. നിരവധി ഗവേഷണ പ്രബന്ധങ്ങൾ തയാറാക്കി അധ്യാപനത്തോടൊപ്പം മുന്നോട്ടുപോയി. ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ ബോട്ടണി അധ്യാപകനായ ജയകുമാറിന് ഡോ.എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ഈ വർഷത്തെ മികച്ച അധ്യാപക പുരസ്കാരം ലഭിച്ചിരുന്നു.
1998 ലാണ് അധ്യാപകനായി സേവനമാരംഭിച്ചത്. വിവിധ സിംബോസിയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സയൻസ് കോൺഗ്രസുകളിലും പങ്കെടുത്ത് മികവ് കാട്ടിയിരുന്നു. സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പുകളിൽ മെംബറായി വിവിധ ജില്ലകളിൽ അധ്യാപകർക്ക് ക്ലാസെടുക്കുന്നുണ്ട്. ഹയർ സെക്കൻഡറി പൊതു പരീക്ഷക്ക് ചോദ്യങ്ങൾ തയാറാക്കാനും അവസരം ലഭിച്ചു. 10 വർഷമായി ബോട്ടണി കൊല്ലം ചീഫായി പ്രവർത്തിച്ചുവരികയാണ്. ഹയർ സെക്കൻഡറി പൊതു പരീക്ഷയുടെ മൂല്യനിർണയം നടത്തുന്നതിനുള്ള ഉത്തര സൂചിക തയാറാക്കുന്ന ബോർഡ് അംഗമായും വർഷങ്ങളായി സേവനമനുഷ്ഠിക്കുന്നു. പി.ടി.എയുടെ മാതൃക അധ്യാപക പുരസ്കാരം, അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പത്ര പംക്തികളിലും ആനുകാലികങ്ങളിലുമായി 40 ലേറെ ശാസ്ത്ര പാരിസ്ഥിക വിദ്യാഭ്യാസ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.