റെയിൽവേ സ്റ്റേഷനിൽ 13കാരിക്ക് പാമ്പ് കടിയേറ്റു
text_fieldsപുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനിൽ 13 കാരിക്ക് പാമ്പ് കടിയേറ്റു. കുട്ടിയുടെ നില ഗുരുതരമല്ലെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ കോട്ടുക്കൽ തോട്ടംമുക്ക് ശ്രീശൈലത്തിൽ സുരേഷ് കുമാറിന്റെ മകൾ ശ്രീലക്ഷ്മിക്കാണ് കടിയേറ്റത്.
സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 5.45 ഓടെ എത്തിയ ചെന്നൈ -എഗ്മോർ - കൊല്ലം ട്രെയിനിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിൽ ഫുട് ഓവർ ബ്രിജിന് സമീപം ഒപ്പമുണ്ടായിരുന്നവരുടെ കൂടെ ഇറങ്ങിയപ്പോഴാണ് കടിയേറ്റത്. ബന്ധുക്കളോടൊപ്പം ആണ് കുട്ടി ട്രെയിനിൽ എത്തിയത്. ഇവരെ വിളിച്ചുകൊണ്ട് പോകാനായി എത്തിയ വാഹനത്തിൽ തന്നെ ഉടൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്ലാറ്റ്ഫോമിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു.