നഗരസഭയിലെ വോട്ടെണ്ണൽ ക്രമീകരണം പൂർത്തിയായി
text_fieldsപുനലൂർ: പുനലൂർ നഗരസഭയിൽ 36 വാർഡുകളിലേയും വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി. ഇ.വി.എം സൂക്ഷിച്ചിരിക്കുന്ന പുനലൂർ ഗവ.എച്ച്.എസ്.എസിൽ ശനിയാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിക്കും. ഏഴോടെ സ്ഥാനാർഥികളുടേയും അല്ലെങ്കിൽ ഏജന്റുമാരുടേയും സാന്നിധ്യത്തിൽ സ്ട്രോങ് റൂം തുറക്കും. വോട്ട് എണ്ണുന്നതിന് ആറ് ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക് മുമ്പ് എല്ലാ വാർഡുകളിലേയും വോട്ട് എണ്ണൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
വാർഡ് ക്രമത്തിൽ ഒരു റൗണ്ടിൽ ആറുവാർഡുകളിലെ വോട്ട് എണ്ണൽ നടക്കും. ഇതിനായി 41 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കും മൂന്ന് ഏജൻറുമാർക്കും കൗണ്ടിങ്ങിൽ പങ്കെടുക്കാം. സംഘർഷ സാധ്യതയും ആളുകളെ നിയന്ത്രിക്കുന്നതിനും ദേശീയപാതയിൽ ഗതാഗതതടസം ഒഴിവാക്കാനും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലും പോസ്റ്റ് ഓഫിസ് ജങ്ഷനിലും കൂടുതൽ പൊലീസിനെ നിയമിച്ചിട്ടുണ്ട്.
36 വാർഡുകളിലായി 108 സ്ഥാനാർഥികളാണ് മത്സരത്തിനുണ്ടായിരുന്നത്. യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി, സ്വതന്ത്രർ കൂടാത ഇത്തവണ ഡി.എം.കെയും മത്സരിച്ചു. കഴിഞ്ഞതവണ 35 വാർഡുണ്ടായിരുന്നപ്പോൾ എൽ.ഡി.എഫ് 21 വാർഡിലും യു.ഡി.എഫ് 14 ലും വിജയിച്ചും. ഇത്തവണ ഒരു വാർഡും കൂടി. പോളിങ് ശതമാനത്തിൽ കാര്യമായ കുറവ് വന്നത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്.


