കുതിരച്ചിറയിലെ കലുങ്ക് നിർമാണം: ജനങ്ങൾ യാത്രാദുരിതത്തിൽ
text_fieldsചെമ്മന്തൂർ-നരിക്കൽപാതയിലെ കുതിരച്ചിറയിലെ കലുങ്ക് നിർമാണം
പുനലൂർ: വാഹനഗതാഗതത്തിന് ബദൽസംവിധാനം ഒരുക്കാതെ പ്രധാനപാതായ ചെമ്മന്തൂർ-നരിക്കൽ പാതയിലെ കുതിരച്ചിറ കലുങ്കിന്‍റെ നിർമാണം തുടങ്ങിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. കരവാളൂർ പഞ്ചായത്ത് മേഖലയെ പുനലൂർ പട്ടണവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.
ഈ പാതയിൽ ഒരു വർഷമായി നടന്നുവരുന്ന നവീകരണത്തിന്‍റെ ഭാഗമായാണ് പഴയ കലുങ്ക് പൊളിച്ച് കഴിഞ്ഞദിവസം മുതൽ നിർമാണം തുടങ്ങിയത്. ബസ് സർവിസ് ഉൾെപ്പടെ വലിയ വാഹനങ്ങൾക്ക് ഈ മേഖലയിലേക്ക് പോകാൻ കഴിയാറായി. ചെറിയ വാഹനങ്ങൾക്കു മാത്രം കടന്നുപോകാൻ സൗകര്യം ഉണ്ടെങ്കിലും ഭൂരിഭാഗം ജനങ്ങൾക്കും യാത്രാസൗകര്യം ഇല്ലാതായി.
കലുങ്കിനോട് ചേർന്ന് മീനാട് പദ്ധതിയുടെ കുടിവെള്ള വിതരണത്തിന്‍റെ വലിയ പൈപ്പ് കടന്നുപോകുന്നുണ്ട്. ഈ പൈപ്പ് മാറ്റിസ്ഥാപിച്ചാലേ കലുങ്ക് നിർമാണം പൂർത്തിയാക്കാൻ കഴിയൂ. പൈപ്പ് മാറ്റൽ നീണ്ടുപോയാൽ കലുങ്ക് നിർമാണവും വൈകും. നരിക്കൽ ഭാഗത്ത് നിന്നും പുനലൂരിലെത്താനുള്ള മറ്റ് പാതകൾ വഴി വലിയ വാഹനങ്ങൾ തിരിച്ചുവിടാനുള്ള സൗകര്യം ഒരുക്കിയിട്ടില്ല.


