കൊഴുപ്പ് കുറഞ്ഞ പാലിന് കർഷകർക്ക് തുച്ഛമായ വില നൽകി ക്ഷീരസംഘങ്ങളുടെ തട്ടിപ്പ്
text_fieldsകാട്ടാക്കട: കൊഴുപ്പ് കുറഞ്ഞ പാലിന് ക്ഷീരസംഘങ്ങള്‍ കർഷകർക്ക് തുച്ഛമായ വില നൽകി അന്യായ വിലക്ക് മറിച്ചുവിൽക്കുന്നതായി പരാതി. ഗുണനിലവാര കുറവിന്റെ പേരില്‍ ലിറ്ററിന് 35മുതല്‍ 36 രൂപ വരെ കര്ഷന് നല്കി സംഘം വാങ്ങുന്ന പാല് അപ്പോള്‍തന്നെ മറിച്ചു വില്പന നടത്തുന്നത് 52 രൂപക്ക്. ക്ഷീരസംഘങ്ങളില്‍ നിന്നു പാല് വിതരണം ചെയ്യുമ്പോഴും പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കര്‍ഷകരില്‍ നിന്നു പാല് വാങ്ങുന്ന സൂക്ഷ്മതയില്‍ തന്നെ പാല് വില്പന നടത്തുമ്പോഴും വേണമെന്ന ആവശ്യം ശക്തമായി.
കര്ഷകനില് നിന്ന് 40 രൂപ മുതല്‍ 43 രൂപ വരെ വില നല്കി വാങ്ങുന്ന കൊഴുപ്പുകൂടിയ പാല് മില്‍മക്ക് നല്കി വരുന്നതാണ് നിലവിലത്തെ സ്ഥിതി. അടുത്തിടെ പാലിന്റെ നിലവാരം പരിശോധിക്കുന്നതിനുവേണ്ടി രണ്ട് ലക്ഷത്തോളം രൂപ വിലയുള്ള പരിശോധന യൂനിറ്റ് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതില്‍ പരിശോധന നടത്തുമ്പോള്‍ ലഭിക്കുന്ന ബില്ല് മിക്ക സംഘങ്ങളില്‍ നിന്നും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കാറില്ലെന്നാണ് പരാതി.
മിക്ക ക്ഷീരസംഘങ്ങളും ചൂഷണം ചെയ്യുന്നതു കാരണം കന്നുകാലിവളര്‍ത്തി ഉപജീവനം നടത്തി വന്ന നൂറുകണക്കിന് ക്ഷീര കര്‍ഷകര്‍ മേഖലവിട്ടുപോയി. തലസ്ഥാന ജില്ലയിലെ പാല്ഗ്രാമം എന്നറിയപ്പെട്ടിരുന്ന മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലും ക്ഷീരകര്‍ഷകരുടെ എണ്ണം വന്‍തോതിലാണ് കുറഞ്ഞത്. ഒരുകാലത്ത് നാലായിരത്തി അഞ്ഞൂറോളം ക്ഷീരകര്‍ഷകരും , രണ്ടായിരത്തിലേറെ പാല് കറവക്കാരുമുണ്ടായിരുന്ന തലസ്ഥാന ജില്ലയിലെ ക്ഷീരഗ്രാമമായിരുന്നു മാറനല്ലൂര്‍. ഇപ്പോള്‍ ഇരുന്നൂറില്‍ താഴെ മാത്രമാണ് ക്ഷീരകര്‍ഷകരുള്ളത്. നാലായിരത്തിലേറെ അംഗങ്ങളുണ്ടായിരുന്ന കാട്ടാക്കട ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ നിലവില്‍ 503 വോട്ടര്‍മാരാണുള്ളത്. 400 ലേറെ ക്ഷീരകര്‍ഷകര്‍ പാല് നല്കിയിരുന്നസംഘത്തില് നിലവില്‍ 50 പേരില്‍ താഴെമാത്രമാണ് പാല് നല്‍കുന്നത്.


