അപകട ഭീഷണി; കാലവർഷത്തിന് മുമ്പ് മരങ്ങൾ മുറിക്കണം
text_fieldsദേശീയപാതയിൽ ഭീഷണിയായ മരങ്ങൾ
പുനലൂർ: ദേശീയപാതയോരത്തും മറ്റിടങ്ങളിലും ഗതാഗതത്തിനും കെട്ടിടങ്ങൾക്കും ഭീഷണിയായ മരങ്ങൾ കാലവർഷത്തിന് മുമ്പ് മുറിച്ചുമാറ്റണമെന്ന് ആര്യങ്കാവ് പഞ്ചായത്ത് ട്രീ കമ്മിറ്റി. ആര്യങ്കാവ് പഞ്ചായത്ത് അതിർത്തിയിൽ നൂറുകണക്കിന് മരങ്ങളാണ് ഭീഷണിയുയർത്തുന്നത്. ചെറുതും വലുതും ഉണങ്ങിയതുമായ ഈ മരങ്ങൾ ഗതാഗതത്തിനും സ്കൂൾ കെട്ടിടങ്ങൾ, അംഗൻവാടികൾ, വീടുകൾ, വൈദ്യുതി ലൈൻ, റെയിൽവേ ലൈൻ, മറ്റ് സ്ഥാപനങ്ങൾ എന്നിവക്ക് കടുത്ത ഭീഷണിയാണ്.
വനം, ദേശീയപാത വകുപ്പുകളുടെ ഭൂമിയിലാണ് മരങ്ങളുള്ളത്. ഫണ്ടില്ലെന്ന് പറഞ്ഞ് ഇത്തരം മരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ദുരന്തനിവാരണ പദ്ധതിയിൽപെടുത്തി കലക്ടറുടെ ഉത്തരവോടെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാമെന്നാണ് അധികൃതർ പറയുന്നത്. മുറിക്കേണ്ട മരങ്ങളുടെ കണക്കെടുത്ത് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്, വില്ലേജ് ഓഫിസർ, വനം, പഞ്ചായത്ത് അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മുമ്പ് ദേശീയപാതയിൽ പുനലൂർ മുതൽ കോട്ടവാസൽ വരെ മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്ക് പുനലൂർ ആർ.ഡി.ഒ ശേഖരിച്ച് കലക്ടർക്ക് കൊടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.