വെഞ്ചേമ്പിൽ വെള്ളം കയറി നശിച്ച റേഷൻ സാധനങ്ങൾ കുഴിച്ചിട്ടു
text_fieldsവേഞ്ചേമ്പിൽ വെള്ളം കയറി നശിച്ച റേഷൻ സാധനങ്ങൾ കുഴിച്ചിടുന്നു
പുനലൂർ: വെഞ്ചേമ്പ് ജങ്ഷനിൽ വെള്ളംകയറി റേഷൻ കടയിലെ സാധനങ്ങൾ നശിച്ചത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ട് കുഴിച്ചുമൂടി. കരവാളൂർ പഞ്ചായത്തിൽ ഞായറാഴ്ച ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്നുതോടുകൾ കരകവിഞ്ഞൊഴുകിയാണ് റേഷൻ കടയിൽ വെള്ളം കയറിയത്. ഭക്ഷ്യയോഗ്യമല്ലാതായ 2019 കിലോഗ്രാം അരി ഉൾപ്പെടെയാണ് നശിച്ചത്.
കടയിൽ സ്റ്റോക്ക് ഉള്ളതിൽ ഭക്ഷ്യയോഗ്യമായവ മാറ്റിയശേഷം വെള്ളത്തിൽ മുങ്ങിയ അരിച്ചാക്കുകൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സമീപത്തെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. പച്ചരി-314 കിലോ, പുഴുക്കലരി - 511 കിലോ, കുത്തരി 838 കിലോ, ഗോതമ്പ് - 263, ആട്ട- 93 കവറുകളുമാണ് കുഴിച്ചിട്ടത്. പുനലൂർ താലൂക്ക് സപ്ലൈ ഓഫിസറുടെ നിർദേശത്തെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി നടപടികൾ സ്വീകരിച്ചത്. മഴവെള്ളം നനഞ്ഞതിനാൽ ഫംഗസ് ബാധിച്ച് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവ നശിപ്പിച്ചത്.
കനത്ത മഴയിൽ വെഞ്ചേമ്പ്, കോലിയക്കോട്, തോയിത്തല, തേവിയോട് തോടുകളിൽ ജലനിരപ്പ് ഒഴുകുകയും മട പൊട്ടുകയും ചെയ്തതോടെ വെഞ്ചേമ്പ് മാർക്കറ്റ് ഭാഗം പൂർണമായി വെള്ളത്തിനടിയിലായിരുന്നു. ഇവിടെ ജനസേവന കേന്ദ്രത്തിലും മാവേലി സ്റ്റോർ അടക്കം മറ്റു ചില സ്ഥാപനങ്ങളിലും വെള്ളംകയറി നാശം നേരിട്ടിരുന്നു.


