മൃതദേഹത്തിലെ സ്വർണാഭരണം താലൂക്ക് ആശുപത്രിയിൽനിന്ന് മോഷണം പോയി
text_fieldsപുനലൂർ: ഭർത്താവിന്‍റെ കുത്തേറ്റു മരിച്ച യുവതിയുടെ സ്വർണാഭരണങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിൽനിന്ന് മോഷണം പോയി. ആശുപത്രിയിലെ നഴ്സിങ് വിഭാഗത്തിന്‍റെ പരാതിയിൽ പുനലൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞമാസം 22ന് രാവിലെ 6.30ന് കൊലചെയ്യപ്പെട്ട കലയനാട് കുത്തനാടി ചരുവിള പുത്തൻ വീട്ടിൽ ശാലിനി (39)യുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ആശുപത്രിയിലെ ഇൻജക്ഷൻ റൂമിൽ സ്റ്റീൽ അലമാരയിൽ നിന്ന് മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. ശാലിനിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിന് മുമ്പ് ശരീരത്തിലെ ആഭരണങ്ങൾ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരി കാഷ്വാലിറ്റി ഇൻജക്ഷൻ റൂമിലെ അലമാരിയിൽ സൂക്ഷിച്ചിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഈ മാസം എട്ടിന് ഉച്ചക്ക് മൂന്നിനും 11ന് ഉച്ചക്ക് 2.30ന് ഇടയിലാണ് ആഭരണം നഷ്ടപ്പെട്ടതത്രെ. ഒരു ജോഡി കൊലുസ്, ഒരു ജോഡി കമ്മൽ, രണ്ട് മോതിരം, ഒരു വള എന്നിവ ഉൾപ്പെടെ ഉദ്ദേശം 20 ഗ്രാം തൂക്കം വരുന്നതും ഉദ്ദേശം രണ്ടര ലക്ഷം രൂപ വില വരുന്നതുമായ ആഭരണങ്ങളാണ് കാണാതായത്. രണ്ടാഴ്ച മുമ്പ് ശാലിനിയുടെ മാതാവ് ലീല സ്വർണാഭരണങ്ങൾ വാങ്ങാനായി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നു. സ്വർണം അലമാരിയിൽ പൂട്ടി വച്ചിരിക്കുകയാണെന്നും താക്കോൽ മറ്റൊരാളുടെ കയ്യിൽ ആണെന്നും ആശുപത്രി അധികൃതർ ഇവരെ അറിയിച്ചു. മൂന്നുദിവസം മുമ്പും ഇവർ സ്വർണം വാങ്ങാൻ എത്തിയിരുന്നു.
ശാലിനിയെ കുത്തിക്കൊന്ന വിവരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തശേഷം ഭർത്താവ് ഐസക് മാത്യു അന്ന് പൊലീസിൽ കീഴടങ്ങിയിരുന്നു. ഇവരുടെ മക്കളായ രണ്ടുപേർ ശാലിനിയുടെ മാതാവ് ലീലയുടെ സംരക്ഷണയിലുമാണ് കഴിഞ്ഞിരുന്നത്. താലൂക്ക് ആശുപത്രിയിലെ സി.സി.ടി. വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണം ആരംഭിച്ചു വരികയാണെന്ന് എസ്.ഐ എം.എസ്. അനീഷ് പറഞ്ഞു.


