കഴുതുരുട്ടി റെയിൽവേ അടിപ്പാത കാടുമൂടി തകർച്ചയിൽ
text_fieldsനാശത്തിലായ കഴുതുരുട്ടി റെയിൽവേ അടിപ്പാത
പുനലൂർ: കാടുമൂടി വെള്ളക്കെട്ടിനാൽ തകർച്ചയിലായ കഴുതുരുട്ടി റെയിൽവേ അടിപ്പാത യാത്രക്കാർക്ക് ഭീഷണിയാകുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ പ്രധാന ജനവാസ, എസ്റ്റേറ്റു മേഖലയിലേക്ക് വാഹനങ്ങളിലും കാൽനടയായും ആൾക്കാർ പോകുന്നത് ഈ പാതയിലൂടെയാണ്. ദേശീയപാതയിൽ നിന്നുമാണ് അടിപ്പാത ആരംഭിക്കുന്നത്. കഴുതുരുട്ടി മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ്, മറ്റ് നിരവധിയായ സ്ഥാപനങ്ങളിലേക്കും നെടുമ്പാറ, മാമ്പഴത്തറ, അമ്പനാട് തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്.
കാൽനടക്കാർക്ക് മഴ സമയത്ത് പാതയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ അടിപ്പാതയിൽ വലിയ കുഴി രൂപപ്പെട്ട് വെള്ളക്കെട്ടായതിനാൽ ഇതു വഴി കാൽ നടയാത്ര പ്രയാസമാണ്. കൂടാതെ റെയിൽവേ ലൈനിൽ നിന്നും താഴേക്ക് വള്ളിപടർപ്പുകൾ വളർന്നുകിടക്കുന്നതും ഭീഷണിയാണ്. പലപ്പോഴും ഈ കാട്ടിൽ നിന്നും പാമ്പ് ഉൾപ്പടെ ഇഴജന്തുക്കൾ താഴേക്ക് വീഴാറുണ്ട്. രാത്രിയിൽ വെളിച്ചവുമില്ല. റെയിൽവേയാണ് അടിപ്പാത ഗതാഗത യോഗ്യമാക്കേണ്ടതെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.


